ബേര്‍ണിങ് ലൈഫ്
Discourse
ബേര്‍ണിങ് ലൈഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2012, 12:35 am

ബേര്‍ണിങ് ലൈഫ്

കാലിഡോസ്‌കോപ്പ് / പ്രകാശ് മഹാദേവഗ്രാമം

മാട്ടുപ്പെട്ടി ഡാമിനു സമീപം ചാറ്റല്‍ മഴയുള്ള ഒരു ദിവസം രാവിലെ പകര്‍ത്തിയതാണ് ഈ ചിത്രം. മഴയും കടുത്ത ശൈത്യവുമുള്ളതുകൊണ്ട് തന്നെ സന്ദര്‍ശകര്‍ നന്നേ കുറഞ്ഞ ദിവസമയിരുന്നു അന്ന്. പകല്‍ ഏറെ വളര്‍ന്നിട്ടും വെളിച്ചം പടര്‍ന്നിട്ടില്ല.

ബോട്ടിങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കരിയടുപ്പില്‍ ചോളം ചുട്ടെടുക്കുന്ന സ്ത്രീയെ കണ്ടത്. സ്വെറ്റര്‍ ധരിച്ച അവര്‍ മഫ്‌ളര്‍ കൊണ്ട് തലയും ചെവിയും മൂടിക്കെട്ടിയിട്ടുണ്ട്. നിര്‍ത്താതെ ചുമയ്ക്കുന്ന അവര്‍ സംസാരിക്കാന്‍ തന്നെ ബുദ്ധിമുട്ടുന്നുണ്ട്. യാത്രക്കാരെ കണ്ട സന്തോഷത്തില്‍ അവര്‍ കനലെരിച്ച് ചോളം ചുട്ടെടുക്കാന്‍ തുടങ്ങി. പുക ശ്വസിക്കുമ്പോള്‍ നിര്‍ത്താതെ ചുമയ്ക്കുന്നുണ്ട്. അവരുടെ അസഹ്യമായ ചുമ അലോസരപ്പെടുത്തിയപ്പോള്‍ “ഞങ്ങള്‍ക്ക് വേണ്ട” എന്നു പറഞ്ഞ് സുഹൃത്തുക്കള്‍ ഓരോരുത്തരായി ഒഴിയാന്‍ തുടങ്ങി.

ബോട്ടിങ്ങും ഡാം സൈറ്റും തണുത്ത കാലാവസ്ഥയും ഷോപ്പിങ്ങും മാത്രമേ യാത്രക്കാരുടെ സിലബസിലുണ്ടാവൂ. അരികു ചേര്‍ക്കപ്പെട്ട ഇങ്ങനെയുള്ള ജീവിതങ്ങള്‍ അതുകൊണ്ടുതന്നെ മുഖ്യധാരാ ജീവിതത്തിന്റെ ഫ്രെയിമുകളില്‍ ഇടം പിടിക്കില്ല. അവര്‍ പൊതിഞ്ഞ് തന്ന ചുട്ടെടുത്ത ചോളം വാങ്ങി ഞാന്‍ നടന്നു. വണ്ടിയിലേയ്ക്ക് കയറാന്‍ സുഹൃത്തുക്കള്‍ ധൃതി വെച്ചപ്പോള്‍ റോഡിനരികിലെ ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ഞാന്‍ ചോളപ്പൊരി ഉപേക്ഷിച്ചു.

വിന്റോ ഗ്ലാസ്സു താഴ്ത്തി അവര്‍ക്കു മുന്നിലൂടെ വണ്ടി നീങ്ങുമ്പോള്‍ ഞാന്‍ അവരെ ഒന്നുകൂടി നോക്കി, അപ്പോഴും അവരുടെ ചുമ ശമിച്ചിരുന്നില്ല.

പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

അമ്മ

ലോണ്‍ലിനെസ്സ്