'ആധാര്‍ കത്തിക്കൂ' ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ ആധാര്‍ ചാരമാക്കി പ്രതിഷേധം
India
'ആധാര്‍ കത്തിക്കൂ' ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ ആധാര്‍ ചാരമാക്കി പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2017, 1:46 pm

ന്യൂദല്‍ഹി: ആധാര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്നു മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ആധാര്‍ കാര്‍ഡുകള്‍ കത്തിച്ചുകൊണ്ടാണ് പ്രതിഷേധം.

“പുതിയ ഇന്ത്യയില്‍ ആധാര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ 11 കാരി പട്ടിണി കിടന്ന് മരിക്കുകയാണെങ്കില്‍ അത്തരം വ്യവസ്ഥയുടെ രൂപം ഞങ്ങള്‍ തകര്‍ക്കും” എന്നു പറഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാര്‍ ആധാര്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നത്.

“മനുഷ്യ ജീവനേക്കാള്‍ വിലയാണ് ആധാറിനെങ്കില്‍ അത്തരമൊരു ആധാര്‍ എനിക്കാവശ്യമില്ല. ഞാന്‍ ആധാര്‍ ബഹിഷ്‌കരിക്കുന്നു. ഇത് വ്യവസ്ഥിതിയോടുള്ള എന്റെ പ്രതിഷേധം” എന്നു കുറിച്ചുകൊണ്ടാണ് ദേവാശിഷ് ജാരരിയ തന്റെ ആധാര്‍ കത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.


Also Read: ‘ഇതൊക്കെ എന്റെ വിശ്വാസങ്ങളാണ്, നിങ്ങള്‍ ചോദ്യം ചെയ്യേണ്ട’; ദീപാവലി ആഘോഷങ്ങളുടെ പേരിലുള്ള ധൂര്‍ത്തിനെ ന്യായീകരിച്ച് യോഗി


“മോദി നിങ്ങള്‍ എവിടെ” എന്നു ചോദിച്ചു കൊണ്ടാണ് സന്ദീപ് ഗൗതം ആധാര്‍ കത്തിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്.

സെപ്റ്റംബര്‍ 28നാണ് സന്തോഷി കുമാരിയെന്ന 11 കാരി പട്ടിണി മൂലം മരിച്ചത്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ഇവരുടെ റേഷന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. റേഷന്‍ നിഷേധിക്കപ്പെട്ടതിനാല്‍ എട്ടുദിവസത്തോളം പട്ടിണി കിടന്നാണ് സന്തോഷി മരിച്ചത്. എട്ടുമാസത്തോളമായി ഈ കുടുംബത്തിന് റേഷന്‍ ലഭിക്കാറില്ലെന്നാണ് സന്തോഷിയുടെ കുടുംബം പറഞ്ഞത്.

ആധാര്‍കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേയാണ് ദാരുണ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ മാത്രം ആധാര്‍ ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് റേഷന്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്.