തെല്‍ അവീവ്: സൈന്യത്തോട് ഗസ മുനമ്പ് കത്തിക്കാന്‍ ആവശ്യപ്പെട്ട് ഇസ്രഈലി പാര്‍ലിമെന്ററി ഡെപ്യൂട്ടി സ്പീക്കര്‍ നിസ്സിം വട്ടൂരി. ഹമാസ് ബന്ദികളെ വിട്ടു നല്‍കുന്നത് വരെ ഫലസ്തീനിലേക്ക് ഇന്ധനം നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘ഗസയില്‍ ഇന്റര്‍നെറ്റ് ഉണ്ടോ ഇല്ലയോ എന്ന ആശങ്കകള്‍ എല്ലാം തെളിയിക്കുന്നത് ഞങ്ങള്‍ ഒന്നും പഠിച്ചിട്ടില്ല എന്നാണ്. ഞങ്ങള്‍ വളരെ മനുഷ്യത്വമുള്ളവരാണ്,’ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയിലെ അംഗമായ നിസ്സിം വട്ടൂരി എക്‌സില്‍ കുറിച്ചു.
‘ഗസ കത്തിക്കൂ… അതില്‍ കുറച്ച് ഒന്നും ചെയ്യരുത്. ബന്ദികളെ തിരിച്ചയക്കുന്നതുവരെ വെള്ളവും ഇന്ധനവും അനുവദിക്കരുത്,’ വട്ടൂരി പറഞ്ഞു.
ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഇസ്രഈല്‍ രാഷ്ട്രീയക്കാര്‍ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളുടെ നിരയിലെ ഏറ്റവും പുതിയതാണ് വട്ടൂരിയുടേത്. ഫലസ്തീനെതിരെ ആണവായുധം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം നെതന്യാഹു സര്‍ക്കാറിലെ പുരാവസ്തു വകുപ്പ് മന്ത്രി അമിഹായ് എലിയഹുവിനെ ക്യാബിനറ്റ് യോഗങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രഈല്‍ ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ ഗസയില്‍ പന്ത്രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. ഗസയില്‍ ഇസ്രഈല്‍ സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തുകയും ബോംബിങ്ങും കര അധിനിവേശവും ആരംഭിക്കുകയും ചെയ്തു.
അല്‍ശിഫ ആശുപത്രിയെ ഹമാസ് ഒളിത്താവളമായി ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ഇസ്രഈല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. ഗസയിലെ ഏറ്റവും വലിയ മെഡിക്കല്‍ സ്ഥാപനമായ അല്‍ ശിഫ ഹോസ്പിറ്റലില്‍ ഇസ്രഈല്‍ നടത്തിയ റെയ്ഡില്‍ 24 രോഗികള്‍ മരിച്ചതായി ഗസയിലെ ആരോഗ്യമന്ത്രാല വക്താവ് അഷറഫ് അല്‍ ഖുദ്ര വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച യു.എന്‍ സുരക്ഷാ കൗണ്‍സില്‍ സംഘര്‍ഷത്തിന് താത്ക്കാലിക വിരാമത്തിനും ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
content highlight: ‘Burn Gaza now’ – Israel’s parliament deputy speaker