ന്യൂദല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത്. മുറിവേറ്റ ജനാധിപത്യത്തെ നന്നാക്കാന്‍ ഒരു ടൂള്‍ കിറ്റ് ആവശ്യമാണെന്നാണ് ബര്‍ക്ക ദത്ത് പറഞ്ഞത്.
” ഒരു ടൂള്‍കിറ്റ് ആവശ്യമാണ്. മുറിവേറ്റ ജനാധിപത്യത്തെയും, ഭീരുക്കളായ മാധ്യമങ്ങളെയും, പെട്ടെന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിരബുദ്ധിയും നന്നാക്കാന്‍,” ബര്‍ക്ക ദത്ത് പറഞ്ഞു.
ടൂള്‍കിറ്റ് കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രം കടക്കുന്നതിനിടെയാണ് വിമര്‍ശനവുമായി ബര്‍ക്ക ദത്ത് മുന്നോട്ടുവന്നിരിക്കുന്നത്.
ബെംഗളുരുവിലെ മൗണ്ട് കാര്‍മ്മല്‍ കോളേജ് വിദ്യാര്‍ത്ഥിയും യുവ പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവിയുടെ അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ തുടങ്ങിയവരും രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. മാധ്യമ പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വിഷയത്തില്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു.
ചിദംബരത്തിന്റെ പ്രതികരണം
” മൗണ്ട് കാര്‍മല്‍ കോളേജിലെ 22 കാരിയായ വിദ്യാര്‍ത്ഥിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവി രാജ്യത്തിന് ഭീഷണിയാണെങ്കില്‍ ഇന്ത്യയുടെ അടിത്തറ വളരെ ശിഥിലമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റ് നുഴഞ്ഞു കയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ,” എന്നായിരുന്നു പി.ചിദംബരം ചോദിച്ചത്.
”ഇന്ത്യ ഒരു അസംബന്ധ തിയേറ്ററായി മാറുകയാണ്. ദില്ലി പൊലീസ് അടിച്ചമര്‍ത്തുന്നവരുടെ ആയുധമായി മാറിയത് ദുഃഖകരമാണ്. ദിഷ രവിയുടെ അറസ്റ്റിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥി സമൂഹവും ഈ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തണം,” എന്നും ചിദംബരം ആവശ്യപ്പെട്ടു.
സിദ്ധാര്‍ത്ഥിന്റെ പ്രതികരണം
ദിഷ രവിക്കൊപ്പം നിന്ന് എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ നിങ്ങള്‍ക്കിത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന് കടന്ന് പോകും,’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
‘പ്രതിഷേധക്കാര്‍ പള്ളിയില്‍ ഒത്തുകൂടിയാല്‍ അവര്‍ ക്രിസ്ത്യന്‍ കൂലിപ്പട്ടാളക്കാര്‍, അവര്‍ ബിരിയാണി കഴിച്ചാല്‍ ജിഹാദികള്‍, തലപ്പാവ് ധരിച്ചാല്‍ ഖലിസ്ഥാനികള്‍, അവര്‍ സ്വയം സംഘടിച്ചാല്‍ ടൂള്‍ക്കിറ്റ്. ഈ ഫാസിസ്റ്റ് സര്‍ക്കാരിനെക്കുറിച്ച് മാത്രം നമുക്ക് ഒന്നും പറയാന്‍ പറ്റില്ല,’ സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പറയുന്നു
ഞായറാഴ്ചയാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്.
രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്. അന്തരാഷ്ട്ര തലത്തിലും വലിയ വിമര്‍ശനമാണ് ദിഷ രവിയുടെ അറസ്റ്റിനെതിരെ രൂപം കൊണ്ട് വരുന്നത്.