| Friday, 24th May 2019, 10:59 am

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; കശ്മീരില്‍ പലയിടത്തും കര്‍ഫ്യൂ; വെള്ളിയാഴ്ച നമസ്‌കാരം കഴിയുന്നതുവരെ കനത്ത സുരക്ഷയെന്ന് സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: അന്‍സാര്‍ ഗസ്വത് ഉല്‍ ഹിന്ദ് നേതാവും ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സക്കീര്‍ മൂസയെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. കശ്മീരിലെ ത്രാല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ ആക്രമണത്തില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

മൂസ ഒളിവില്‍ പാര്‍ത്തിരുന്ന കെമിസ്റ്റിന്റെ വാട് സൈന്യം ബോംബുവച്ച് തകര്‍ത്തു. കീഴടങ്ങാന്‍ മൂസയോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.

സൈന്യം പ്രദേശത്തെ ഇന്റര്‍നെറ്റ് സംവിധാനം തടയുകയും സ്‌കൂളുകള്‍ മെയ് 24 വരെ അടച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കീഴടങ്ങാനുള്ള നിര്‍ദേശം നിഷേധിച്ച് മൂസ സൈന്യത്തിനുനേരെ ഗ്രനേഡ് പ്രയോഗിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചിടാനുള്ള നിര്‍ദ്ദേശവും കര്‍ഫ്യൂ പ്രഖ്യാപനവും ഇന്റെര്‍നെറ്റ് സേവനം തടയുന്നതും മൂസയുടെ മരണത്തെത്തുടര്‍ന്നുണ്ടായേക്കാവുന്ന സംഘര്‍ഷാവസ്ഥ മുന്‍നിര്‍ത്തിയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മൂസയുടെ മരണത്തിന് പിന്നാലെ ഷോപിയാന്‍, പുല്‍വാമ തുടങ്ങിയ മേഖലകളില്‍ അനുകൂല മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥന സമയം കഴിയുന്നതുവരെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more