പോലീസ് സ്‌റ്റേഷനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള എ.ടി.എം തന്നെ കൊള്ളയടിക്കപ്പെട്ടിരിക്കുന്നെന്ന കഥയാണ് ദല്‍ഹിയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അതുകൊണ്ട് തന്നെ സ്റ്റേഷനിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും നല്ല ഉറക്കത്തിലായിരുന്നു. എ.ടി.എം തകര്‍ന്നുകിടക്കുന്നത് പണമെടുക്കാന്‍ വന്ന ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് മോഷണം നടന്ന വിവരം അധികൃതര്‍ അറിയുന്നത്. കള്ളനെ പിടികൂടാനോ അതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കസ്റ്റഡിയിലെടുക്കാനോ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
എ.ടി.എമ്മില്‍ നിന്ന് മാത്രമല്ല, പോലീസ് സ്‌റ്റേഷനുള്ളിലെ ചായക്കടയിലും കള്ളന്‍ മോഷണം നടത്തിയിട്ടുണ്ട്. അയ്യായിരത്തോളം രൂപയാണ് ഇവിടെ നിന്നും കൊണ്ട് പോയത്.
അടുത്തിടെ ഈ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ബാലാല്‍സംഗത്തിനും പെണ്‍കുട്ടിയെപീഡിപ്പിച്ചതിനും അറസ്റ്റു ചെയ്തിരുന്നു.
മോഷണം നടന്നതായി പോലീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ കേസ് അന്വേഷണ തലവന്‍ ഡി.സി.പി പ്രേം നാഥും ജോയിന്റ് കമ്മീഷണര്‍ വിവേക് ഗോജിയയും സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
എന്നാല്‍ മോഷ്ടാവിന് പണം കൈക്കലാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഒരു പോലീസുകാരന്‍ പറയുന്നത്. ഈ നാണക്കേടില്‍ നിന്ന് എങ്ങനെ തലയൂരും എന്നുള്ള ചിന്തയിലാണ് പോലീസുകാര്‍.
എന്തായാലും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്. പണം മോഷണം പോയ ചായക്കടക്കാരനും പരാതിയുമായി പോലീസ് സ്‌റ്റേഷനെ സമീപിച്ചിട്ടുണ്ട്.
ലഹരിക്കടിമയായ ഒരാളാണ് മോഷണം നടത്തിയിരിക്കുന്നത് എന്നാണ് സൂചന. സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വിരലടയാള വിദഗ്ദ്ധരെക്കൊണ്ട് തെളിവെടുപ്പിക്കുകയും ചെയ്ത പോലീസ് മുന്‍ മോഷണക്കേസുകളിലെ പ്രതികളെ വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്തു.