| Thursday, 3rd December 2020, 7:01 pm

ബുറെവിയെ നേരിടാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി; ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; തെക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. കേരളത്തിലേക്ക് കടക്കുമ്പോള്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറയും.

ചുഴലിക്കാറ്റ് കടന്നു പോകുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ പരമാവധി 60 കിലോമീറ്ററില്‍ താഴെയായരിക്കും കേരളത്തിലൂടെ കാറ്റ് കടന്നു പോകുമ്പോഴുള്ള വേഗത. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കൊല്ലം, തിരുവനന്തപുരം അതിര്‍ത്തിപ്രദേശങ്ങളിലൂടെയാകും കാറ്റ് കടന്ന് പോവുക. ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളം സജ്ജമാണെന്നും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബുറെവി ചുഴലിക്കാറ്റ് വീശാനുള്ള സാഹചര്യത്തില്‍ ദുരന്ത നിവാരണ സേനയുടെ എട്ട് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. 2891 ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കി.

കൊവിഡ് സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ സാമൂഹ്യ അകലം പാലിക്കുമെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സുരക്ഷിതരല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്ന് അര്‍ധ രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ തൂത്തുക്കുടി വഴി തീരം തൊടും.

ആശുപത്രികളില്‍ ആവശ്യമായ മരുന്നും സൗകര്യങ്ങളും ഒരുക്കും. ഏഴ് ജില്ലകളിലാണ് നിലവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

ഈ ജില്ലകളിലെ മുന്‍ കരുതല്‍ ചുമതല അതത് മന്ത്രിമാര്‍ക്ക് നല്‍കി. തിരുവനന്തപുരം- കടകംപള്ളി സുരേന്ദ്രന്‍ , ആലപ്പുഴ- ജി സുധാകരന്‍ , ഇടുക്കി-എം.എം മണി, കൊല്ലം-ജെ. മേഴ്‌സിക്കുട്ടിയമ്മ, എറണാകുളം-വി. എസ് സുനില്‍കുമാര്‍, പത്തനംതിട്ട-കെ രാജു, കോട്ടയം-പി. തിലോത്തമന്‍ എന്നിങ്ങനെയാണ് മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Burevi Cyclone will make landfall likely tomorrow in Kerala

We use cookies to give you the best possible experience. Learn more