| Thursday, 15th December 2016, 4:46 pm

ദല്‍ഹി സര്‍ക്കാരിനോട് പ്രതികാരം ചെയ്യാന്‍ മോദി ബ്യൂറോക്രാറ്റുകളെ ഉപയോഗിക്കുന്നുവെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ദല്‍ഹി സര്‍ക്കാരിനോട് പ്രതികാരം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും കെജ്‌രിവാള്‍ ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 


ന്യൂദല്‍ഹി: ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ബ്യൂറോക്രാറ്റുകളെ പ്രേരിപ്പിക്കുന്നുവെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ദല്‍ഹി സര്‍ക്കാരിനോട് പ്രതികാരം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും കെജ്‌രിവാള്‍ ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതിനായി മോദി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെയും ബ്യൂറോക്രാറ്റുകളെയും കരുവാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


പൊലീസിനേയും സി.ബി.ഐയേയും ഉപയോഗിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരെയും മറ്റ് ബ്യൂറോക്രാറ്റുകളെയും ഇവര്‍ ഇതിനായി ഭീഷണിപ്പെടുത്തുന്നു. ഇവര്‍ക്കു പിന്നില്‍ മറഞ്ഞിരുന്ന് മോദി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം നേരിട്ട് ഇത്തരം കാര്യങ്ങള്‍ നടപ്പാക്കില്ലല്ലോയെന്നും കെജ്‌രിവാള്‍ പരിഹസിച്ചു.

ദല്‍ഹി സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയ ഐ.എ.എസ്. അസോസിയേഷനേയും കെജ്‌രിവാള്‍ വിമര്‍ശിച്ചു. അഴിമതിക്കാരേയും കഴിവില്ലാത്തവരേയും സംരക്ഷിക്കുന്ന ഒരു സംഘമായി ഐ.എ.എസ്. അസോസിയേഷന്‍ മാറിയെന്നും  അദ്ദേഹം കുറ്റപ്പെടുത്തി.


സുപ്രീം കോടതി വിധി വഴി ദല്‍ഹി സര്‍ക്കാരിന് പൂര്‍ണ അധികാരം ലഭിച്ചാല്‍ അഴിമതിക്കാരായ എല്ലാ ഉദ്യോഗസ്ഥരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more