| Thursday, 23rd July 2020, 5:06 pm

ഉദ്യോഗസ്ഥ ധാര്‍ഷ്ട്യത്തിന് മുന്നില്‍ പഠിക്കാനുള്ള ഞങ്ങളുടെ അവകാശം നിഷേധിക്കപ്പെടുന്നു

ശ്രിന്‍ഷ രാമകൃഷ്ണന്‍

2014ലാണ് ബിനേഷ് ബാലന്‍ എന്ന ആദിവാസി വിദ്യാര്‍ത്ഥിയുടെ ഉന്നത പഠനവുമായി ബന്ധപ്പെട്ട വാര്‍ത്ത കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. യു.കെയിലെ സസക്സ് യൂണിവേഴ്സിറ്റിയില്‍ നരവംശശാസ്ത്രം പഠിക്കാന്‍ അവസരം ലഭിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥസമൂഹം ബിനേഷിന്റെ പഠനത്തിന് തടസ്സം നില്‍ക്കുന്നു എന്ന വാര്‍ത്ത  വലിയ രീതിയില്‍ വിവാദമായിരുന്നു.

പോരാട്ടങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ സസക്സ് യൂണിവേഴ്സിറ്റിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ബിനേഷ് ഇപ്പോള്‍ നെതര്‍ലാന്റ്സില്‍ ഗവേഷണം ചെയ്യുകയാണ്. പി.എച്ച്.ഡി പഠനവുമായി ബന്ധപ്പെട്ട് ബിനേഷിന് അനുവദിച്ച തുക ഇപ്പോഴും സാങ്കേതിക തടസ്സങ്ങളുടെ നൂലാമാലയില്‍ കുടുങ്ങികിടക്കുകയാണ്. ജനപ്രതിനിധികള്‍ക്ക് പോലും വില കല്‍പിക്കാത്ത ഉദ്യോഗസ്ഥ സമൂഹമുള്ള രാജ്യത്ത് ദളിത് ആദിവാസി വിഭാഗത്തില്‍ നിന്ന് ഉന്നത പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കടക്കാന്‍ ഏറെ കടമ്പകള്‍ ഉണ്ടെന്ന് പറയുകയാണ് ബിനേഷ്.

അര്‍ഹതപ്പെട്ട പഠനോപകരണം പഞ്ചായത്ത് അധികൃതര്‍ രണ്ട് വര്‍ഷമായി നിഷേധിക്കുകയാണെന്ന ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സ്വദേശിനിയായ അനഘ ബാബു എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതി വാര്‍ത്തകളിലിടംപിടിച്ചതിന്റെ പശ്ചാത്തലത്തില്‍, ആദിവാസി, ദളിത് വിദ്യാര്‍ത്ഥികളുടെ പഠനാവകാശത്തെ ഉദ്യോഗസ്ഥവൃന്ദവും സര്‍ക്കാര്‍ സംവിധാനങ്ങളും എങ്ങിനെയാണ് നേരിടുന്നതെന്ന് എന്ന് ഡൂള്‍ ന്യൂസിനോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ നെതര്‍ലന്റ്സിലുള്ള ബിനേഷ്.

ഉന്നത പഠനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉദ്യോഗസ്ഥ സമൂഹത്തില്‍ നിന്ന് നിരവധി പ്രയാസങ്ങള്‍ അനുഭവിച്ച വ്യക്തിയാണ് ബിനേഷ്. ഇപ്പോള്‍ അനഘ ബാബു എന്ന വിദ്യാര്‍ത്ഥിനി ഒരു ലാപ്പ് ടോപ്പിന് വേണ്ടി താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. എങ്ങിനെയാണ് ദളിത്-ആദിവാസി വിഭാഗത്തിന്റെ വിദ്യാഭ്യാസ അവകാശത്തില്‍ ബ്യൂറോക്രാറ്റുകളും സര്‍ക്കാര്‍ സംവിധാനങ്ങളും വിലങ്ങു തടിയായി നില്‍ക്കുന്നത്?

അര്‍ഹതപ്പെട്ട  ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അനഘ ബാബു മാത്രമായിരിക്കില്ല നിരവധി ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ സമാനമായ അനുഭവത്തിലൂടെയും മാനസിക പ്രയാസങ്ങളിലൂടെയും കടന്ന് പോയിട്ടുണ്ടാകുമെന്നത് ഉറപ്പാണ്. എന്റെ ബിരുദാനന്തര ബിരുദ പഠനകാലത്ത് ഞാനും ഇതുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എനിക്ക് അര്‍ഹതപ്പെട്ട ലാപ്പ്ടോപ്പ് ഒരു വര്‍ഷം വൈകിയാണ് ലഭിക്കുന്നത്. മറ്റുകുട്ടികളെല്ലാം ലാപ്ടോപ്പ് ഉപയോഗിക്കുമ്പോള്‍ എനിക്ക് അര്‍ഹതയുണ്ടായിട്ടും അത് ലഭിക്കാതെ പലരുടെയും സഹായം തേടേണ്ടി വന്നു.

പുതിയൊരു കോഴ്സിലേക്ക് പോകുമ്പോള്‍ നമ്മള്‍ അതുമായി അഡാപ്റ്റ് ചെയ്യേണ്ടതും അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുമെല്ലാമുണ്ട്. പക്ഷേ നമുക്ക് അത് ചെയ്യാന്‍ സാങ്കേതികതയുടെ സഹായം കൂടി ആവശ്യമാണ്. ഇതിനെല്ലാം പഠനോപകരണങ്ങള്‍ പ്രധാനവുമാണ്. എന്റെ പഠനാവശ്യത്തിനിടയില്‍ സര്‍ക്കാര്‍- ബ്യൂറോക്രാറ്റിക്ക് സംവിധാനങ്ങള്‍ സൃഷ്ടിച്ച നിരവധി പ്രശ്നങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ബിനേഷ് ബാലന്‍ പഠനത്തിനിടെ സസക്‌സ് യൂണിവേഴ്‌സിറ്റിയിലെ സഹപാഠികളോടൊത്ത്

ചെറുപ്പത്തില്‍ ഗ്രാന്റുകളുമായി ബന്ധപ്പെട്ടായിരുന്നു അത്. ബിരുദ പഠനത്തിനൊക്കെ ചേരുന്ന സമയത്ത് ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി നമുക്ക് ഉദ്യോഗസ്ഥരെ സമീപിക്കേണ്ടി വരും. അപ്പോഴൊക്കെയും ജാതി സര്‍ട്ടിഫിക്കറ്റ് തരാതെയും അതിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിക്കുന്നതുമായിട്ടുള്ള സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ സാമ്പത്തികമായ അരക്ഷിതാവസ്ഥയില്‍ നില്‍ക്കുന്ന എന്നെപ്പോലൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഈ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ഗ്രാന്റുകള്‍ ലഭിക്കുകയുള്ളൂ. ഗ്രാന്റുകള്‍ ഉണ്ടായാല്‍ മാത്രമേ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ഇനി ഗ്രാന്റ് ലഭിച്ചുവെന്നിരിക്കട്ടെ അത് കൈയില്‍ കിട്ടാനും പ്രയാസമാണ്. ഇത്തരത്തില്‍  ദളിത്- ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനം എന്നത് പലപ്പോഴും സമരോത്സുകം തന്നെയാണ്.

ഉന്നത പഠനത്തിന് സസക്സ് യൂണിവേഴ്സിറ്റിയില്‍ അവസരം ലഭിച്ചപ്പോഴും ഇത് തന്നെയായിരുന്നല്ലോ അവസ്ഥ? സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ താങ്കള്‍ എപ്പോഴും പറയാറുണ്ടല്ലോ?

വിദേശ പഠനത്തിന്റെ വിഷയത്തില്‍ മാത്രമല്ല. കാര്യവട്ടം ക്യാമ്പസില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. സസക്സ് യൂണിവേഴ്സിറ്റിയില്‍ പഠനത്തിന് അവസരം ലഭിച്ചപ്പോള്‍ വളരെയേറെ സന്തോഷം തോന്നിയിരുന്നു. വലിയ ചിലവ് വരുന്നതാണ് വിദേശ പഠനം, അത് താങ്ങാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല. ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കുന്നതും എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തിലാണ് എസ്.ടി ഡയറക്ടറേറ്റിലേക്ക് പോകുന്നത്. അവിടെ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പോയി. സാമ്പത്തിക സഹായം അനുവദിക്കാന്‍ സാധിക്കില്ല എന്ന് തന്നെയായിരുന്നു അവരുടെ മറുപടി. പക്ഷേ മുന്‍പ് ഇത്തരത്തില്‍ സഹായം മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൊടുത്തതുമായി ബന്ധപ്പെട്ട രേഖകളെല്ലാം എന്റെ കൈയില്‍ ഉണ്ടായിരുന്നു. 2009ലെ ഒരു നിയമപ്രകാരം വിദേശ പഠനത്തിന് സഹായം നല്‍കാമെന്നും പറയുന്നുണ്ട്. സെക്രട്ടറിയേറ്റിലെ ഒരു അണ്ടര്‍ സെക്രട്ടറി എന്നെ ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു. എന്താണ് ഡെവലപ്മെന്റ്, എന്താണ് എക്കണോമിക്സ് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി അദ്ദേഹം എന്നെ അപമാനിക്കുകയായിരുന്നു. പിന്നെയും സാങ്കേതികത പറഞ്ഞ് പഠനം തന്നെ തടസ്സപ്പെട്ടേക്കാമെന്ന തരത്തില്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു. ഇപ്പോഴും അത് അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്.

എന്റെ പി.എച്ച്.ഡി പഠനത്തിന്റെ സ്‌കോളര്‍ഷിപ്പിന്റെ രണ്ടാം ഘട്ടത്തില്‍ അനുവദിക്കേണ്ട തുക ഇതുവരെ ലഭിച്ചിട്ടില്ല. നാല് വര്‍ഷമാണ് പി.എച്ച്.ഡിക്ക് വേണ്ടി വരുക. ഒരു വര്‍ഷത്തെ ഓറിയന്റേഷന്‍ കഴിഞ്ഞ് എന്റോള്‍മെന്റിലേക്ക് നീങ്ങുന്ന സമയത്താണ് വീണ്ടും പ്രശ്നങ്ങള്‍ വരുന്നത്. എക്സ്റ്റെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. എനിക്ക് ആദ്യം ട്രിനിറ്റി കോളേജില്‍ എം.ഫിലിനാണ് പ്രവേശനം ലഭിക്കുന്നത്. സ്വാഭാവികമായും ഇവിടെ പി.എച്ച്.ഡി അവസരം ഉണ്ടാകുമ്പോള്‍ എനിക്ക് അവിടെ പോകാന്‍ കഴിയില്ലല്ലോ. അവസരം കിട്ടുമ്പോള്‍ പി.എച്ച്.ഡിക്ക് ജോയിന്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഒരു പക്ഷേ അവസരം തന്നെ നഷ്ടമായി പോകും. പി.എച്ച്.ഡി ചെയ്യുമ്പോള്‍ തന്നെ എനിക്ക് അയര്‍ലന്റിലെ ട്രിനിറ്റി കോളേജിലെ എം.ഫില്‍ ചെയ്യുന്നതില്‍ തടസ്സമില്ല. ഒരു വര്‍ഷത്തേക്കുള്ള തുക മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള തുക നാല് വര്‍ഷത്തേക്കും ഉപയോഗിക്കാനാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ നിന്ന് പറയുന്നത്. നേരത്തെ പ്രശ്നമുണ്ടാക്കിയ അതേ അണ്ടര്‍സെക്രട്ടറി തന്നെയാണ് ഇതിനു പിന്നിലും.

നിരവധി പ്രയാസങ്ങളെ അതിജീവിച്ചാണ് ബിനേഷ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഓരോ ചുവടുവെപ്പുകളും നടത്തുന്നത്. കാര്യവട്ടം ക്യാമ്പസ്സില്‍ നിന്നുള്ള അനുഭവങ്ങളെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

കാര്യവട്ടം കാമ്പസ്സില്‍ നിന്ന് അധ്യാപകരുള്‍പ്പെടെയുള്ളവരില്‍ നിന്ന് ജാതീയമായ അധിക്ഷേപങ്ങള്‍ നേരിട്ടിരുന്നു. സബ്ജറ്റുകള്‍ക്ക് തോല്‍പ്പിക്കുക, ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുക അത്തരത്തിലുള്ള നിരവധി പ്രയാസങ്ങള്‍ അവിടെയുണ്ടായിരുന്നു.
അന്നെനിക്ക് യു.ജി.സിയുടെ ഒരു സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. മെറിറ്റ് അടിസ്ഥാനത്തില്‍ കിട്ടിയതാണത്. ഇതുമായി ബന്ധപ്പെട്ട് സെക്ഷന്‍ ഓഫീസറെ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റെപ്പന്റ് ലഭിക്കുന്നതു കൊണ്ട് ഈ സ്‌കോളര്‍ഷിപ്പ് തരാന്‍ സാധിക്കില്ല എന്നായിരുന്നു.

യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം ഞാനതിന് അര്‍ഹനാണ്. സംസ്ഥാന സര്‍ക്കാരിന്റെ സ്‌റ്റൈപ്പന്റ് പ്രതിമാസം 300 രൂപയോ മറ്റോ ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ. ഇതാണെങ്കില്‍ എനിക്ക് 3000 രൂപ ലഭിക്കും. പീന്നീട് വികാസ് ഭവനിലെ എസ്.ടി ഡയറക്ടറേറ്റ് ഇടപെട്ടാണ് എനിക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

അന്ന് ട്യൂഷന്‍ എടുത്തും, കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്തുമായിരുന്നു ബാക്കി വരുന്ന ചിലവുകള്‍ക്കുള്ള വരുമാനം കണ്ടെത്തിയിരുന്നത്. വീട്ടില്‍ നമ്മുടെ പഠനത്തിന് സാമ്പത്തിക പിന്തുണ നല്‍കാനുള്ള മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. അച്ഛനും അമ്മയുമൊക്കെ ക്വാറിയില്‍ പണിയെടുക്കുന്നവരാണ്. ഒരു പരിക്കു പറ്റിയാല്‍ പിന്നെ പണിക്ക് പോകാന്‍ കഴിയില്ല. അമ്മയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് നിരന്തരം നടുവേദനയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

ബിനേഷ് ബാലന്‍ അമ്മയ്ക്കും അച്ഛനുമൊപ്പം

കേരളത്തില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചിരിക്കുകയാണല്ലോ. ഇതിനെതിരെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ ആദിവാസി ദളിത് മേഖലയില്‍  പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. ഇതിനെ എങ്ങിനെ കാണുന്നു?  കേരളത്തിന്റെ ആദിവാസി-ദളിത് വിഭാഗം ഇന്നും നേരിടുന്ന പ്രയാസങ്ങളെ അഡ്രസ് ചെയ്യാന്‍ ഇപ്പോഴത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതികള്‍ പര്യാപ്തമാണോ?

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോഴും കുട്ടികളുടെ മാനസിക വികാസത്തിന് നാം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. എഴുതപ്പെടാത്തതുള്‍പ്പെടെയുള്ള, വളരെ പ്രാദേശികമായ 1500 ഓളം ഭാഷകള്‍ ഇന്ത്യയില്‍ ഉണ്ട്. വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ് ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഭാഷ എന്നത് വലിയ ഘടകം തന്നെയാണ്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എ ഫോര്‍ ആപ്പിള്‍ എന്ന് പഠിപ്പിക്കും. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ആപ്പിളിന്റെ ചിത്രം ഞാന്‍ സ്‌കൂളില്‍  കാണുന്നുണ്ട്. പക്ഷേ എന്താണ് ആപ്പിള്‍ എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അമ്മയുടെ കൂടെ കാഞ്ഞങ്ങാട് ഓരാശുപത്രിയില്‍ പോയപ്പോഴാണ് ആദ്യമായി ആപ്പിള്‍ കാണുന്നത്. അത്തരത്തില്‍ നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള അറിവിന്റെയൊരു ദൂരം നിശ്ചയമായും ഇവിടെയുണ്ട്. ടീച്ചര്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസിലാകണമെന്നില്ല. വ്യത്യസ്തമായ സാമൂഹിക സാഹചര്യത്തില്‍ നിന്ന് വരുന്നവരാണ് നമ്മുടെ കൂട്ടികളില്‍ ഏറെയും. ഉദാഹരണമായി എസ്.ടി വിഭാഗത്തിലൊക്കെയുള്ള കുട്ടികളാണെങ്കില്‍ അവര്‍ക്ക് കലാപരമായ കാര്യങ്ങളിലൊക്കെയാണ് പ്രധാനമായും താത്പര്യം ഉണ്ടാകുക.  ചെറുപ്പം മുതല്‍ തെയ്യങ്ങളെല്ലാം കണ്ട് വളരുന്ന കുട്ടികളാണ് അവര്‍. അതുകൊണ്ട് തന്നെ നിറങ്ങളെക്കുറിച്ചുള്ള കൃത്യമായ ഒരു ബോധം ചെറുപ്പം മുതല്‍ തന്നെ അവരില്‍ ഉണ്ടാകും. ഭാഷയുടെ വൈവിധ്യം കൂടി തിരിച്ചറിഞ്ഞു കൊണ്ട് സിലബസ് തയ്യറാക്കണമെന്ന് നേരത്തെ തന്നെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടായിരുന്നല്ലോ.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോള്‍ കുട്ടികളില്‍ ഒരു ഉത്കണ്ഡ സ്വാഭാവികമായി ഉണ്ടാകും. നമ്മള്‍ ദേവികയുടെയെല്ലാം വിഷയങ്ങള്‍ കണ്ടതാണല്ലോ. അവരിഷ്ടപ്പെടുന്ന മേഖലയില്‍ ഇടപെടാന്‍ സാധിക്കുന്നില്ല എന്നത് വലിയ പ്രശ്നമാണ്. ആദിവാസി വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം സോഷ്യലൈസേഷനുള്ള ഒരു പ്രധാന സാധ്യത സ്‌കൂളുകള്‍ തന്നെയാണ്. മറ്റുകുട്ടികള്‍ക്ക് സാമൂഹികമായി ഇടപെടാന്‍ ലഭിക്കുന്ന അത്ര അവസരം അവര്‍ക്ക് ലഭിക്കുന്നില്ല. ദേവികയെപ്പോലൊരു കുട്ടിയെ സംബന്ധിച്ചിടത്തോളം സ്‌കൂളുകളില്‍ പോകുമ്പോഴായിരിക്കും കൂടുതല്‍ സോഷ്യലൈസേഷന്‍ അവസരങ്ങള്‍ ഉണ്ടാവുക. ഓണ്‍ലൈന്‍ വഴി വിദ്യാഭ്യാസം മാറുമ്പോള്‍ സോഷ്യലൈസ് ചെയ്യാന്‍ ഉള്ള സാധ്യതകള്‍ ഇല്ലാതാവുകയാണ്. ഇവിടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോള്‍ പോലും അത് കൃത്യമായി നടപ്പിലാക്കാനുള്ള പദ്ധതികള്‍ ഇല്ല എന്നു വേണം മനസിലാക്കാന്‍.

പലപ്പോഴും എസ്.സി/ എസ്.ടി വിഭാഗത്തിലെ പല വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കുന്ന ഒരു പ്രവണത വലിയ രീതിയില്‍ കാണുന്നുണ്ട്. ഇത് തിരിച്ചറിയപ്പെടാനും പരിഹാരം ഉണ്ടാക്കാനും സാധിക്കുന്നുണ്ടോ?

എറ്റവും കൂടുതല്‍ ആളുകള്‍ ഡ്രോപ്പ് ഔട്ട് ആകുന്നത്  ജീവിത സാഹചര്യങ്ങള്‍ കൊണ്ടുകൂടിയാണ്. നിലനില്‍പ്പാണ് അവരുടെ ജീവിതത്തില്‍ വലിയ പ്രശ്നം. ഒരുപാട് ഉത്തരവാദിത്വങ്ങളും വീട്ടിലെ പ്രശ്നങ്ങളുമെല്ലാം പ്രതിബന്ധങ്ങളാണ്. സ്വാഭാവികമായും പ്ലസ്ടു കഴിഞ്ഞ് തൊഴില്‍ അധിഷ്ടിത കോഴ്സിനോ അതല്ലെങ്കില്‍ ഐ.ടി.ഐ, അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്സുകളിലൊക്കെ പോകുകയാണ് ഇവര്‍ ചെയ്യുന്നത്. പത്താം ക്ലാസിന് മുന്‍പാണ് ഏറ്റവും കൂടുതല്‍ ഡ്രോപ്പ് ഔട്ടുകള്‍ ഉണ്ടാകുന്നത്. ഇതിന് പരിഹാരം കാണുന്നതില്‍ നമ്മുടെ സംവിധാനങ്ങള്‍ പൂര്‍ണ പരാജയമാണ് എന്നാണ് എന്റെ അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നത്.

ഉന്നതപഠനത്തിന് വിദേശത്ത് പോയതിനു ശേഷം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ എങ്ങിനെ വിലയിരുത്തുന്നു?

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് ലോഡ് വളരെ കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്. അവരെല്ലാം തന്നെ ഹാര്‍ഡ് വര്‍ക്കിങ്ങുമാണ്. പക്ഷേ അതിനനുസരിച്ചുള്ള അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല. നമ്മുടെ കുട്ടികള്‍ ഇനിയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.  ഇവിടുത്തെ കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ തന്നെ അവര്‍ക്ക് ഇഷ്ടമുള്ള മേഖലകളിലേക്ക് തിരിയാനുള്ള അവസരം ലഭിക്കുന്നുണ്ട്. കുട്ടികളുടെ താത്പര്യത്തിനാണ് ഇവിടെ പ്രാധാന്യം. അത് വളരെ ഗുണകരമായി തോന്നിയിട്ടുണ്ട്.

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more