ഫ്രഞ്ച് ക്ലബ്ബില്‍ കൂടുതലും കറുത്ത വര്‍ഗക്കാരും മുസ്‌ലിം താരങ്ങളുമാണെന്ന് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പരാതി പറഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗാള്‍ട്ടിയര്‍ ഫ്രഞ്ച് പ്രൊഫഷണല്‍ ക്ലബ്ബായ ഒ.സി.ജി നൈസിലെ പരിശീലകനായിരുന്നപ്പോള്‍ ഫ്രഞ്ച് താരം ജൂലിയന് മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും മെയില്‍ ചോര്‍ന്നതോടെ വിഷയം വെളിച്ചത്തെത്തുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.
തങ്ങള്‍ ജാക്ക്വസ് മെഡെസിന്റെ സിറ്റിയിലാണ് ജീവിക്കുന്നതെന്ന് ഓര്‍മയുണ്ടാകണമെന്നും ഇവിടെ കറുത്തവരും മുസ്‌ലിങ്ങളും ഉണ്ടാകാന്‍ പാടില്ല എന്നുമായിരുന്നു ഗാള്‍ട്ടിയര്‍ ജൂലിയന് അയച്ചുവെന്ന് ആരോപണമുള്ള മെയ്‌ലില്‍ പരാമര്‍ശിച്ചിരുന്നത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടര്‍ക്കിഷ് താരം ബുറാഖ് യില്‍മാസ്.
ലോസ്‌ക് ലില്ലി ക്ലബ്ബില്‍ ഗാള്‍ട്ടിയറിനൊപ്പം ഉണ്ടായിരുന്ന താരമാണ് യില്‍മാസ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നപ്പോള്‍ അത്തരത്തിലൊരു വിരുദ്ധതയും അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം തന്റെ മതത്തെയോ ദേശത്തെയോ നോക്കിയിട്ടല്ല ആളുകളോട് ഇടപഴകുന്നതെന്നും യില്‍മാസ് പറഞ്ഞു.
‘ഗാള്‍ട്ടിയര്‍ക്ക് നേരെയുള്ള ആരോപണം വാര്‍ത്തയില്‍ വായിക്കാന്‍ ഇടയായി. അതുകണ്ടപ്പോള്‍ ചിലത് പറയണമെന്ന് തോന്നി. ഞാന്‍ ഗാള്‍ട്ടിയര്‍ക്കൊപ്പം ജോലി ചെയ്തിട്ടുള്ളയാളാണ്. അദ്ദേഹത്തില്‍ നിന്ന് വാര്‍ത്തയില്‍ ആരോപിച്ച തരത്തിലുള്ള യാതൊരു പെരുമാറ്റവും ഉണ്ടായിരുന്നില്ല. അദ്ദേഹം മികച്ച പരിശീലകനും അതിനെക്കാളുപരി മികച്ച വ്യക്തിയുമാണ്,’ യില്‍മാസ് പറഞ്ഞു.
അതേസമയം, ഗാള്‍ട്ടിയര്‍ക്ക് നേരെയുള്ള രൂക്ഷമായ ആരോപണത്തിന് പിന്നാലെ പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. പാരീസ് ക്ലബ്ബില്‍ ഗാള്‍ട്ടിയറിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നും ഇ-മെയില്‍ ചോര്‍ന്നത് കോച്ചിന്റെ കരിയര്‍ അവതാളത്തിലാക്കാനിടയുണ്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: Burak Yilmaz defends allegations against PSG coach Christoph Galtier