| Saturday, 22nd June 2019, 8:41 pm

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ത്രിപുരയിലെ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ത്രിപുരയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് 1.8 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 30 ശതമാനത്തോളം വോട്ട് നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്‍ പറഞ്ഞു. ജൂലൈയിലാണ് തെരഞ്ഞെടുപ്പ്.

ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കും. വിജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്ന്. സ്വതന്ത്രവും നീതിപൂര്‍വ്വമായും തെരഞ്ഞെടുപ്പ് നടന്നാല്‍ ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്‍ പറഞ്ഞു. പ്രാദേശികമായുള്ള വിഷയങ്ങളെ ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച സ്വീകാര്യതയെ നിലനിര്‍ത്തി കൊണ്ട് തന്നെ പോവും. സ്വതന്ത്രവും നീതിപൂര്‍വ്വമായും തെരഞ്ഞെടുപ്പ് നടന്നാല്‍ ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കുകയും ചെയ്യുമെന്നും പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്‍ പറഞ്ഞു.

സി.പി.ഐ.എം മത്സരിക്കുന്നത് വഴി മതേതര വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാവില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഞങ്ങള്‍ സംസ്ഥാനത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ പ്രചരണത്തിന് പോയി. ഒരു ഇടത് നേതാവിനെയും കാണാന്‍ കഴിഞ്ഞില്ല. അവര്‍ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞു’

2018ല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബി.ജെ.പി 96% സീറ്റുകളിലും വിജയിച്ചിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

We use cookies to give you the best possible experience. Learn more