ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് ഒഴിയാന്‍ പറഞ്ഞ സര്‍ക്കാര്‍ ബംഗ്ലാവില്‍ ഇനി താമസിക്കുക ബി.ജെ.പി എം.പി അനില്‍ ബലുനി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് മാസത്തിനുള്ളില്‍ ബലുനി ഇവിടെ താമസം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
ന്യൂദല്‍ഹിയിലെ 35 ലോധി എസ്‌റ്റേറ്റ് ഒഴിയാന്‍ പ്രിയങ്കയ്ക്ക് നേരത്തെ നോട്ടീസയച്ചിരുന്നു. പ്രിയങ്കയുടെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്നാണ് വിശദീകരണം.
ആഗസ്റ്റ് ഒന്നിന് പ്രിയങ്ക ബംഗ്ലാവൊഴിയണമെന്നാണ് ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നെഹ്റു കുടുംബത്തിലെ മറ്റ് നേതാക്കളായ സോണിയ, രാഹുല്‍ എന്നിവര്‍ അതിര്‍ത്തി പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ നിശിതവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.