| Sunday, 27th January 2013, 9:39 am

ബണ്ടിചോര്‍ പൂനെയില്‍ പിടിയിലായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: തലസ്ഥാനത്ത് വന്‍മോഷണം നടത്തി പോലീസിനെ കബളിപ്പിച്ച് കടന്ന്് കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ്  ബണ്ടിചോര്‍ പൂനെയില്‍ പിടിയിലായി. പൂനെയിലെ ഹോട്ടലില്‍ വെച്ച് മലയാളിയാണ് ബണ്ടിയെ ആദ്യം തിരിച്ചറിഞ്ഞത്.[]

ബണ്ടിചോര്‍ ഹോട്ടലില്‍ ഉണ്ടെന്ന വിവരം കേരള പോലീസിനെ ഇദ്ദേഹം വിളിച്ചറിയിക്കുകയായിരുന്നു. കേരളപോലീസിന്റെ നിര്‍ദേശമനുസരിച്ച് മഹാരാഷ്ട്ര പോലീസാണ് ബണ്ടിയെ  അറസ്റ്റ് ചെയ്തത്.

അതേസമയം, ബണ്ടി ചോര്‍ കുറ്റം സമ്മതിച്ചതായി കേരള പോലീസ് അറിയിച്ചു. ബണ്ടിയെ ഇന്നുതന്നെ കേരളത്തില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും കേരള പോലീസ് അറിയിച്ചിട്ടുണ്ട്.

പുനെയിലെ മാള്‍ടാക്കാ ചൗക്കിലെ ഹോട്ടല്‍ സായി എക്‌സിക്യൂട്ടീവ് എന്ന ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുവേ ആയിരുന്നു ബണ്ടിചോര്‍. ബംഗളുരുവില്‍ നിന്ന തന്ത്രപരമായി രക്ഷപ്പെട്ട് ഇയാളെ പോലീസ് തിരഞ്ഞ് വരികയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് ഇയാള്‍ പുനെയിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടല്‍ മുറിയിലെത്തിയ പോലീസ് കതകില്‍ മുട്ടിയപ്പോള്‍ തന്നെ ബണ്ടിചോര്‍  വാതില്‍ തുറന്നു.

“ഹലോ മിസ്റ്റര്‍, ബണ്ടിചോര്‍, ഗുഡ് ഈവനിങ്” എന്ന എസ്.ഐ.യുടെ അഭിസംബോധന കേട്ടയുടന്‍, അതെ ഞാന്‍ ബണ്ടിചോര്‍ തന്നെയാണ് എന്ന മറുപടിയും ലഭിച്ചു.
നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ ഒരു കുലുക്കവം  ഇല്ലാതെ കീഴടങ്ങി.

മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും ഇയാളില്‍ നിന്നും ലഭിച്ചില്ല. അതേസമയം വിവരങ്ങള്‍ ലഭിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഇയീളെ വിട്ടയക്കാന്‍ നോക്കിയെങ്കിലും കേരളത്തില്‍ കേസുള്ളതിനാല്‍ എ.ഡി.ജി.പി ഹേമചന്ദ്രനെ അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന്   പേരൂര്‍ക്കട സി.ഐ പ്രതാപന്റെ നേതൃത്വത്തിലുള്ള കേരളപോലീസ് പൂനെയിലെത്തി ബണ്ടിയെ കസ്റ്റഡിയിലെടുത്തു. ഐ.പി.സി 151 ാം വകുപ്പ് പ്രകാരമാണ് ബണ്ടിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പൂനെ സമര്‍ത്ത് സ്‌റ്റേഷനിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം നാളെ  ബണ്ടിചോറിനെ കൂടുതല്‍ തെളിവെടുപ്പിനായി  കേരളത്തിലെത്തിക്കും.

We use cookies to give you the best possible experience. Learn more