| Sunday, 27th January 2013, 11:52 am

ബണ്ടി ചോര്‍ മോഷ്ടിച്ച ലാപ്‌ടോപ്പും മൊബൈലും കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ മോഷ്ടിച്ച ലാപ് ടോപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. തിരുവനന്തപുരം മുട്ടാടയില്‍ വെച്ചാണ് പോലീസ് തൊണ്ടി മുതലുകള്‍ കണ്ടെത്തിയത്.[]

സോണി ലാപ് ടോപ്പും നോക്കിയ മൊബൈലുമാണ് കണ്ടെത്തിയത്. അതേസമയം, പൂനെയില്‍ പിടിയിലായ ബണ്ടി ചോറിനെ കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകായണ്.

ബണ്ടി ചോര്‍ കുറ്റം സമ്മതിച്ചാതായി കേരള പോലീസ് നേരത്തേ അറിയിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബണ്ടി കുറ്റം സമ്മതിച്ചത്. പേരൂര്‍ക്കട സി.ഐ പ്രതാപന്റെ നേതൃത്വത്തിലുള്ള കേരളപോലീസ് സംഘമാണ് പൂനെയിലെത്തി ബണ്ടിയെ കസ്റ്റഡിയിലെടുത്തത്.

ഐ.പി.സി 151 ാം വകുപ്പ് പ്രകാരമാണ് ബണ്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.  പൂനെയിലെ ഹോട്ടലില്‍ വെച്ച് മലയാളിയാണ് ബണ്ടിയെ ആദ്യം തിരിച്ചറിഞ്ഞത്.

ബണ്ടിചോര്‍ ഹോട്ടലില്‍ ഉണ്ടെന്ന വിവരം കേരള പോലീസിനെ ഇദ്ദേഹം വിളിച്ചറിയിക്കുകയായിരുന്നു. കേരളപോലീസിന്റെ നിര്‍ദേശമനുസരിച്ച് മഹാരാഷ്ട്ര പോലീസാണ് ബണ്ടിയെ  അറസ്റ്റ് ചെയ്തത്.

പുനെയിലെ മാള്‍ടാക്കാ ചൗക്കിലെ ഹോട്ടല്‍ സായി എക്‌സിക്യൂട്ടീവ് എന്ന ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുവേ ആയിരുന്നു ബണ്ടിചോര്‍. ബംഗളുരുവില്‍ നിന്ന തന്ത്രപരമായി രക്ഷപ്പെട്ട് ഇയാളെ പോലീസ് തിരഞ്ഞ് വരികയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് ഇയാള്‍ പുനെയിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടല്‍ മുറിയിലെത്തിയ പോലീസ് കതകില്‍ മുട്ടിയപ്പോള്‍ തന്നെ ബണ്ടിചോര്‍  വാതില്‍ തുറന്നു.

“ഹലോ മിസ്റ്റര്‍, ബണ്ടിചോര്‍, ഗുഡ് ഈവനിങ്” എന്ന എസ്.ഐ.യുടെ അഭിസംബോധന കേട്ടയുടന്‍, അതെ ഞാന്‍ ബണ്ടിചോര്‍ തന്നെയാണ് എന്ന മറുപടിയും ലഭിച്ചു.
നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ ഒരു കുലുക്കവം  ഇല്ലാതെ കീഴടങ്ങുകയായിരുന്നു.

ബണ്ടിചോറിനെ വിട്ടുകിട്ടാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് അത്യാധുനിക സുരക്ഷാ സംവിധാനമുള്ള വീട്ടില്‍നിന്നും 28 ലക്ഷം രൂപ വിലമതിക്കുന്ന കാറും ലാപ്‌ടോപ്പും മോതിരവും മൊബൈല്‍ഫോണുകളുമാണ് ബണ്ടി ചോര്‍ മോഷ്ടിച്ചത്.

We use cookies to give you the best possible experience. Learn more