യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളില്‍ ഒന്നായ ജര്‍മന്‍ ബുണ്ടസ്‌ലീഗയില്‍ ആരാധകര്‍ വ്യത്യസ്തമായ ഒരു പ്രതിഷേധത്തിന് ഒരുങ്ങുന്നു.
ബുണ്ടസ്‌ലീഗ സംപ്രേഷണാവകാശങ്ങള്‍ വില്‍ക്കുന്നതിനെതിരെയാണ് ആരാധകര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബുണ്ടസ്‌ലീഗയിലെ ഈ ആഴ്ചയിലെ എല്ലാ മത്സരത്തിന്റേയും ആദ്യ 12 മിനിട്ട് നിശബ്ദമായി നില്‍ക്കാനാണ് ആരാധകര്‍ തീരുമാനിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ബുണ്ടസ്‌ലീഗ മത്സരങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താനും സ്റ്റേഡിയത്തില്‍ എത്തി കളി കാണുന്നവര്‍ക്ക് പുറമെ ലീഗിനെ ടി.വി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിക്കാനും നിക്ഷേപകര്‍ കുറച്ചു ദിവസങ്ങളായി സമ്മര്‍ദം ചെലുത്തിയിരുന്നു.
ജര്‍മനിയിലെ രണ്ടു പ്രമുഖ ക്ലബ്ബുകളുടെ കളികളുടെ സംപ്രേഷണാവകാശം വലിയ നിക്ഷേപകര്‍ക്ക് നല്‍കുന്നതിനെതിരെയുള്ള ചര്‍ച്ചകള്‍ ധാരാളമായി നിലനിന്നിരുന്നു. ഇതിനെതിരെയാണ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്തുവരാനൊരുങ്ങുന്നത്.
ജര്‍മന്‍ ക്ലബ്ബുകളുടെ ആരാധകര്‍ ഈ വിഷയത്തിനെതിരെ ഗ്യാലറികളില്‍ വന്‍ പ്രതിഷേധം നടത്താന്‍ ഒരുങ്ങുന്നുവെന്നാണ് സ്‌പോര്‍ട്‌സ്ചാവു റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുണ്ടസ്‌ലീഗയിലെ വമ്പന്‍ ക്ലബ്ബുകളായ ബയേണ്‍ മ്യൂണിക്കിനും ബൊറൂസിയ ഡോര്‍ട്മുണ്ടിനും വലിയ ആരാധക പിന്തുണയാണുള്ളത് അതുകൊണ്ട് തന്നെ അലിയന്‍സ് അറീനയിലും സിഗ്‌നല്‍ ഇടുന പാര്‍ക്കിലും ജര്‍മനിയിലെ മറ്റ് സ്റ്റേഡിയങ്ങളിലും ആരാധകര്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് ഉറപ്പാണ്.
നിലവില്‍ ബുണ്ടസ്‌ലീഗയില്‍ 14 റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 36 പോയിന്റുമായി ബയര്‍ ലെവര്‍ക്കൂസനാണ് ഒന്നാമത്. 32 പോയിന്റുമായി വമ്പന്‍മാരായ ബയേണ്‍ മ്യൂണിക് ആണ് രണ്ടാം സ്ഥാനത്ത്.
ഒരു മത്സരം പോലും തോൽക്കാതെയാണ് ബയെർ ലെവർക്കൂസൻ മുന്നേറുന്നത്. 11 വിജയവും മൂന്ന് സമനിലയുമാണ് സാബി അലോൺസയുടെയും സംഘം ജർമനിയിൽ സ്വപ്നതുല്യമായ കുതിപ്പ് നടത്തുന്നത്. അതേസമയം ബയേൺ മ്യൂണിക് പത്ത് വിജയങ്ങൾ അക്കൗണ്ടിലാക്കിയപ്പോൾ രണ്ട് സമനിലയും ഒരു തോൽവിയും ആണ് സ്വന്തമാക്കിയത്.
Content Highlight: Bundesliga fans Protesting against sale of TV rights.