Asia cup 2023
പരിക്കല്ല! വ്യക്തിപരമായ കാര്യത്തിനായി ബുംറ നാട്ടിലേക്ക്! അടുത്ത മത്സരത്തില്‍ കളിക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 03, 05:46 pm
Sunday, 3rd September 2023, 11:16 pm

ഇന്ത്യന്‍ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ നാട്ടിലേക്ക് മടങ്ങി. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്ന ശ്രീലങ്കയില്‍ നിന്നാണ് താരം മുംബൈയിലേക്ക് മടങ്ങിയത്. താരം നേപ്പാളിനെതിരെയുള്ള അടുത്ത മത്സരത്തില്‍ കളിക്കില്ല.

തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായാണ് താരം നാട്ടിലേക്ക് പോകുന്നതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുംറയോ തന്റെ കുടുംബമോ ഇക്കാര്യം തുറന്നുപറഞ്ഞിട്ടില്ല. എന്നാല്‍ ഇതാണ് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

‘ബുംറ ചില വ്യക്തിപരമായ കാരണങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങി. പരിക്കൊ മറ്റ് കാരണങ്ങള്‍ കൊണ്ടൊ അല്ല അദ്ദേഹത്തിന്റെ മടക്കം. സൂപ്പര്‍ ഫോര്‍ സ്‌റ്റേജില്‍ താരം ടീമിനൊപ്പം ചേരും,’ ടീം ഒഫീഷ്യലിനെ ഉദ്ദരിച്ച് ന്യൂസ് 10 റിപ്പോര്‍ട്ട് ചെയ്തു.

താരം മുംബൈയിലേക്ക് മടങ്ങി എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരിക്കാണോ എന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ അതല്ലെന്ന് ന്യൂസ് 18ന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേപ്പാളിനെതിരെയുള്ള മത്സരം മാത്രമെ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കാതെയുള്ളു. സൂപ്പര്‍ ഫോറില്‍ ഇന്ത്യ കയറുകയാണെങ്കില്‍ താരം ടീമില്‍ തിരിച്ചെത്തും. മുഹമ്മദ് ഷമിയായിരിക്കും ബുറക്ക് പകരം ആദ്യ ഇലവനില്‍ ഇടം പിടിക്കുക.

മഴമൂലം ഉപേക്ഷിച്ച ആദ്യ മത്സരത്തില്‍ ബുംറക്ക് ബാറ്റിങ് ലഭിച്ചിരുന്നു. 10ാം നമ്പറില്‍ ഇറങ്ങി മികച്ച പ്രകടനമാണ് താരം ബാറ്റ് കൊണ്ട് കാഴ്ചവെച്ചത്. 12 പന്ത് നേരിട്ട് 16 റണ്‍സ് ബുംറ നേടിയിരുന്നു. ടീമിന്റെ ടോപ് മൂന്നാമത്തെ ടോപ് സ്‌കോററും ബുംറയായിരുന്നു.

ഏറെ നാള്‍ പരിക്കിന്റെ പിടിയിലായിരുന്ന ബുംറ ഈയിടെ നടന്ന അയര്‍ലന്‍ഡ് പരമ്പരയിലാണ് വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയത്. അയര്‍ലന്‍ഡ് പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് ബുംറയായിരുന്നു.

Content Highlight: Bumrah Went Home and  will Miss Game Against Nepal