മുംബെെ: പരിക്കിന്റെ പിടിയിലായിരിക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടി20 ലോകകപ്പിനുണ്ടാകില്ല. ദക്ഷിണാഫ്രിക്കയുമായുള്ള ടി20 പരമ്പരക്ക് മുമ്പ് നടന്ന പരിശീലനത്തില്‍ വെച്ചായിരുന്നു ബുംറക്ക് പരിക്കേറ്റത്.
അന്ന് മുതല്‍ തന്നെ ബുംറക്ക് നീണ്ട നാളത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ബി.സി.സി.ഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലോകകപ്പ് സ്‌ക്വാഡില്‍ ബുംറയുണ്ടാകില്ലെന്ന് പ്രസ്താവനയിറിക്കിയിരിക്കുകയാണ് ബോര്‍ഡ്.
‘ബി.സി.സി.ഐ മെഡിക്കല്‍ ടീം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ ഐ.സി.സി പുരുഷ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. നേരത്തെ പരിക്കിനെ തുടര്‍ന്ന് ബുംറയെ ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടി വന്നിരുന്നു,’ പ്രസ്താവനയില്‍ പറയുന്നു.
ബുംറ ടീമിലുണ്ടായേക്കാമെന്ന ചെറിയ പ്രതീക്ഷയായിരുന്നു നേരത്തെ ഗാംഗുലിയും രാഹുലമടക്കമുള്ളവരുടെ പ്രസ്താവനകളില്‍ നിന്നും ആരാധകര്‍ക്ക് ലഭിച്ചിരുന്നത്.
ദക്ഷിണാഫ്രിക്കയുമായുള്ള സീരിസില്‍ നിന്ന് മാത്രമേ ബുംറയെ ഒഴിവാക്കിയിട്ടുള്ളു. ഇപ്പോള്‍ എന്‍.സി.എയിലാണ് അദ്ദേഹം. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാനാകുമെന്ന് കരുതുന്നു. എന്തെങ്കിലും ഔദ്യോഗിക വിവരങ്ങള്‍ കിട്ടിയാലേ ഞങ്ങള്‍ക്കും നിങ്ങളോടും ഷെയര്‍ ചെയ്യാനാകൂ,’ എന്നായിരുന്നു കോച്ചായ രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍.
ഗാംഗുലിയും സമാനമായ പ്രസ്താവനയായിരുന്നു നടത്തിയത്. ‘ബുംറയെ ലോകകപ്പില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. അക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നമ്മളെല്ലാവരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. അദ്ദേഹത്തെ ഇപ്പോഴേ ലോകകപ്പിന് പുറത്തേക്ക് എഴുതിത്തള്ളാറായിട്ടില്ല. രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ കാര്യങ്ങളില്‍ തീരുമാനമുണ്ടാകും,’ എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.
ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ആരാധകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ബുംറ ലോകകപ്പിലുണ്ടാകുമോ എന്നതിന് കുറിച്ച് വ്യക്തമായ മറുപടി പറയുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി.
എന്നാല്‍ ഇപ്പോള്‍ ബുംറ സ്‌ക്വാഡിലുണ്ടാകില്ലെന്ന് ഉറപ്പായത് കടുത്ത നിരാശയാണ് ടീമിനും ആരാധകര്‍ക്കും നല്‍കിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര പ്രതീക്ഷാവഹമായ പ്രകടനമാണ് നടത്തുന്നതെങ്കിലും നിലവിലെ ബൗളിങ് നിര മോശം നിലവാരമാണ് പുലര്‍ത്തുന്നത്. വന്‍ തോതില്‍ റണ്‍ വിട്ടുനല്‍കുന്നുവെന്നാണ് ഒട്ടുമിക്ക കളിക്കാര്‍ക്കെതിരെയും ഉയരുന്ന വിമര്‍ശനം.
അതുകൊണ്ട് തന്നെ ബുംറ കൂടി ഇല്ലാതായാല്‍ ഇന്ത്യ അടപടലം പൊട്ടിത്തകരാനും സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു. ബാറ്റര്‍മാര്‍ എത്ര മികച്ച പ്രകടനം നടത്തിയാലും ബൗളര്‍മാര്‍ എതിര്‍ടീമിന് റണ്ണൊഴുക്കാന്‍ അവസരമുണ്ടാക്കാന്‍ നില്‍ക്കുകയാണെങ്കില്‍ എല്ലാം കൈവിട്ടു പോകില്ലെയെന്നും ഇവര്‍ ചോദിക്കുന്നു.
ബുംറക്ക് പകരം ആരെയാണ് ടീമിലേക്ക് എടുത്തിരിക്കുന്നതെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തില്‍ മുഹമ്മദ് സിറാജിനെയായിരുന്നു തെരഞ്ഞെടുത്തത്. സിറാജ് തന്നെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്.
Content Highlight: Bumrah is removed from T20 World Cup squd, BCCI’s official statement out