ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് എല്ലാവരുടെയും വോട്ട് ചെയ്തത്; ഗുരുതര ആരോപണങ്ങളുമായി സമാജ്‌വാദി പാര്‍ട്ടി
national news
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് എല്ലാവരുടെയും വോട്ട് ചെയ്തത്; ഗുരുതര ആരോപണങ്ങളുമായി സമാജ്‌വാദി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2024, 6:30 pm

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ ഉത്തര്‍പ്രദേശില്‍ ഗുരുതര ആരോപണങ്ങളുമായി സമാജ്‌വാദി പാര്‍ട്ടി. മോശം പെരുമാറ്റം, കള്ളവോട്ട്, ഭീഷണിപ്പെടുത്തല്‍ എന്നിവ വിവിധ ബൂത്തുകളില്‍ റിപ്പോര്‍ട്ട് ചെയ്തതായി സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സമാജ്‌വാദി പാര്‍ട്ടി ആരോപണം ഉന്നയിച്ചത്. പരാതി ഉന്നയിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സമാജ്‌വാദി പാര്‍ട്ടി പറഞ്ഞു.

ഷാജഹാന്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കത്രയിലെ 144ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് എല്ലാ വോട്ടര്‍മാരുടെയും വോട്ട് രേഖപ്പെടുത്തിയതെന്നും പാര്‍ട്ടി ആരോപിച്ചു. ഫറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടായെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘മിസ്രിഖ് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കനൗജ് മണ്ഡലത്തില്‍ എസ്.പിയുടെ ബൂത്ത് ഏജന്റുമാരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. ഷാജഹാന്‍പൂര്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ ബൂത്ത് ഏജന്റുമാർ വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞുവെച്ചു. കനൗജ് ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി വ്യാപകമായി കള്ളവോട്ട് ചെയ്തു,’ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സമാജ്‌വാദി പാര്‍ട്ടി പറഞ്ഞു.

Content Highlight: Bullying, intimidation, proxy voting in UP; Samajwadi Party cries foul