ന്യൂദല്‍ഹി: ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി. ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി നീരജ് ബിഷ്ണോയിയ്ക്കും സുള്ളി ഡീല്‍സ് ആപ്പ് വികസിപ്പിച്ച ഓംകാരേശ്വര്‍ താക്കൂറിനുമാണ് ജാമ്യം ലഭിച്ചത്. മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു എന്നതാണ് കേസ്.
പ്രതികള്‍ ആദ്യമായാണ് കുറ്റകൃത്യം ചെയ്തതെന്നും തടവില്‍ തുടരുന്നത് ഗുണകരമാവില്ലെന്നും കോടതി വിലയിരുത്തി.
സാക്ഷികളെ ഭീഷണിപ്പെടുത്താനോ തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. ഇരകളെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്. ഫോണ്‍ ഓണാക്കി വെയ്ക്കണം. എവിടെയാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. രാജ്യം വിടരുത്. കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തരുതെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു.
സുള്ളി ഡീല്‍സ്, ബുള്ളി ബായ് എന്നീ ആപ്പുകളിലൂടെയാണ് മുസ്‌ലിം സ്ത്രീകള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് പ്രചരിപ്പിച്ചത്. സുള്ളി ഡീല്‍സ് കഴിഞ്ഞ വര്‍ഷം ജൂലൈയിലും ബുള്ളി ബായ് ഈ വര്‍ഷം ജനുവരിയിലുമാണ് ലോഞ്ച് ചെയ്തത്. മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുകയും ലേലം വിളിക്കുകയുമാണ് ചെയ്തത്.
Content Highlights: “Bulli Bai”, “Sulli Deals” App Creators Get Bail On Humanitarian Grounds