ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക പ്രതിനിധി സംഘത്തിലെ അംഗമായ ചന്ദ സിംഗ്. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. അവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും.”
സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കഴിഞ്ഞ ആറുദിവസമായി ദല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. അതേസമയം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.
ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.
വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.
പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷായും കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറും 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രിയോടെയാണ് തീരുമാനമായത്.
ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപാധിവെച്ചുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം നിര്‍ത്തിവെക്കാന്‍ പലശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.
പുതിയ നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കിയെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയെന്നുമാണ് മോദിയുടെ അവകാശവാദം. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് അനുവദിച്ചെന്നും മോദി അവകാശപ്പെട്ടിരുന്നു.
കര്‍ഷകരെ വഴിതെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണെന്നുമാണ് മോദിയുടെ വാദം. കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bullets or peaceful solution’: Farmers’ union member on discussion with govt