മ്യാന്‍മര്‍: മ്യാന്‍മറില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രക്കാരന് വെടിയേറ്റു. മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍ വിമാനത്തിലെ യാത്ര ചെയ്തിരുന്ന 27 വയസുകാരനായ യുവാവിനാണ് വെടിയേറ്റത്.
മ്യാന്‍മറിന്റെ തലസ്ഥാനമായ നേപിഡോയില്‍ നിന്ന് ലോയിക്കായിലേക്കുള്ള ആഭ്യന്തര വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. 3,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ തൊട്ടുമുമ്പായിരുന്നു വിമാനത്തിന് നേരെ വെടിവയ്പ്പുണ്ടായത്. 64 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിവരം. വെടിവെപ്പില്‍ വിമാനത്തിന്റെ ബോഡിയില്‍ വലിയ ദ്വാരം രൂപപ്പെട്ടു.
വിമാനത്തിന്റെ ജനല്‍ച്ചില്ല് തുളച്ചെത്തിയ വെടിയുണ്ടയേറ്റ് യാത്രക്കാരന്റെ കവിളിലാണ് പരിക്കേറ്റത്. ലാന്‍ഡിങ്ങിന് ശേഷം യാത്രക്കാരനെ മ്യാന്മാറിലെ ലോയ്കാവിലെ ആശുപത്രിയിലേക്ക് മാറ്റി.
വിമാനത്താവളത്തിന് സമീപം വിമതര്‍ നടത്തിയ വെടിവെപ്പിനിടെയാണ് സംഭവമുണ്ടായതെന്ന് മ്യാന്‍മര്‍ സൈനിക ഭരണകൂടം അറിയിച്ചു. സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള്ള വിമാനങ്ങള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയതായി ലോയ്കാവിലെ നാഷണല്‍ മ്യാന്‍മര്‍ എയര്‍ലൈന്‍സ് ഓഫീസ് അറിയിച്ചരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിന് ചുറ്റും സുരക്ഷയും ശക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൈനിക അട്ടിമറിയിലൂടെ ആങ് സാങ് സൂചി സര്‍ക്കാരിനെ പുറത്താക്കിയത് മുതല്‍ മ്യാന്‍മര്‍ പ്രക്ഷുബ്ധമായിരുന്നു. വിമതരും സൈന്യവും തമ്മിലുള്ള പ്രക്ഷോഭത്തില്‍ ഇതിനോടകം മ്യാന്‍മറില്‍ രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും 15,000 ത്തോളം പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് കണക്കുകള്‍.
അതേസമയം, ഓങ് സാന്‍ സൂചിക്കും മുന്‍ ഉപദേശകന്‍ ഷോണ്‍ ടേണലിനും കഴിഞ്ഞ ദിവസം മ്യാന്‍മര്‍ കോടതി മൂന്ന് വര്‍ഷത്തെ തടവ് വിധിച്ചിരുന്നു.
ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷയെന്നാണ് റിപ്പോര്‍ട്ട്.
എഴുപത്തേഴുകാരിയായ സുചിക്ക് നിലവില്‍ വിവിധ കേസുകളിലായി 23 വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചിട്ടുള്ളത്. അഴിമതി, പട്ടാളത്തിനെതിരെ ജനങ്ങളെ ഇളക്കിവിടല്‍, കൊവിഡ് പ്രോട്ടോകോള്‍ ലംഘനം തുടങ്ങിയവയാണ് സൂചിക്കെതിരായ കുറ്റങ്ങള്‍. ഇതിന് പിന്നാലെയാണ് പുതിയ കേസ്.
സൂചിയുടെ അനുയായി ഉള്‍പ്പെടെ മ്യാന്‍മറില്‍ നാല് ജനാധിപത്യ സമര നേതാക്കളുടെ വധശിക്ഷ സൈന്യം കഴിഞ്ഞ മാസം നടപ്പാക്കിയിരുന്നു. സൂചിയുടെ അടുത്ത അനുയായിയായിരുന്ന ഫോയെ സെയ ത്വാ, ആക്റ്റിവിസ്റ്റ് കൊ ജിമ്മി എന്നിവര്‍ ഉള്‍പ്പെടെ നാല് പേരെയായിരുന്നു സൈന്യം വധിച്ചത്.