വോട്ടെടുപ്പിനിടെ ബീഹാറില്‍ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു; മുംബൈ സൗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഓഫീസര്‍ മരണപ്പെട്ടു
D' Election 2019
വോട്ടെടുപ്പിനിടെ ബീഹാറില്‍ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു; മുംബൈ സൗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഓഫീസര്‍ മരണപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 1:25 pm

പട്‌ന: വോട്ടെടുപ്പിനിടെ ബീഹാറില്‍ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു. ഹോം ഗാര്‍ഡിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. സ്‌കൂള്‍ ടീച്ചറായ ശിവേന്ദ്ര കിഷോറിനാണ് വെടിയേറ്റത്.

മധോപ്പൂര്‍ സുന്ദര്‍ വില്ലേജിലെ പോളിംഗ് ബൂത്തില്‍ നിന്നാണ് ശിവേന്ദ്ര കിഷോറിനു വെടിയേറ്റത്. ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷം കിഷോറിനെ വിദഗ്ദ ചികിത്സയ്ക്കു വേണ്ടി മുസഫര്‍പൂരിലെ എച്ച്.കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ സെവാരി മേഖലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഓഫീസര്‍ മരണപ്പെട്ടു. പ്രീതി ദര്‍വാണ് മരണപ്പെട്ടത്.

ആരോഗ്യം മോശമായ സാഹചര്യത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് നീക്കണമെന്ന് പ്രീതി ദര്‍വ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ടാക്‌സി സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തു. ട്രെയിനില്‍ കയറിയത് മുതല്‍ പ്രീതി ഛര്‍ദ്ദിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്.

പ്രീതിയുടെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്യുമെന്ന് മുംബൈ കലക്ടര്‍ ശിവാജി റാവു ജോന്ദലെ അറിയിച്ചു.

പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. രമിണ്‍ സിംഗ് എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിക്കുകയും ചെയ്തിരുന്നു. ഈസ്റ്റ് മേദിനിപൂരില്‍ രണ്ടു ബി.ജ.പി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റിരുന്നു. ആനന്ദ് ഗുജയ്ക്ക്, രഞ്ജിത് മെയ്തി എന്നിവര്‍ക്കാണ് വെടിയേറ്റത്.