ന്യൂദൽഹി: രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരം. പുതിയ നിയമം പഴയ നിയമങ്ങൾക്ക് നേരെയുള്ള ബുൾഡോസർ രാജ് ആണെന്നും നീതിന്യായ വ്യവസ്ഥയെ താറുമാറാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയ്ക്കും ക്രിമിനൽ നിയമത്തിൻ്റെ ആധുനിക തത്വങ്ങൾക്കും അനുസൃതമായി മൂന്ന് നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും മുൻ ആഭ്യന്തര മന്ത്രി പറഞ്ഞു.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ പുതിയ നിയമങ്ങളാണ് കേന്ദ്രം യഥാ ക്രമം ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി കൊണ്ട് വന്നത്. മതിയായ ചർച്ചകളില്ലാതെ കൊണ്ട് വന്നതാണ് ഈ നിയമങ്ങളെന്ന് തുടക്കം മുതലേ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.
‘പുതിയ നിയമങ്ങൾ എന്ന് വിളിക്കപ്പെടുന്നവയിൽ 90-99 ശതമാനവും വെട്ടിമാറ്റലും കോപ്പി പേസ്റ്റുമാണ്. പുതിയ നിയമങ്ങളിൽ കുറച്ച് മെച്ചപ്പെടുത്തലുകൾ ഉണ്ട്, ഞങ്ങൾ അവയെ സ്വാഗതം ചെയ്തിട്ടുണ്ട്. അവ ഭേദഗതികളായി അവതരിപ്പിക്കാമായിരുന്നു. മറുവശത്ത്, നിരവധി പിന്തിരിപ്പൻ വ്യവസ്ഥകൾ ഉണ്ട്. ചില മാറ്റങ്ങൾ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണ്,’ ചിദംബരം പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗങ്ങളായ എം.പിമാർ വ്യവസ്ഥകൾ പരിശോധിച്ച് മൂന്ന് ബില്ലുകളിലേക്കും വിശദമായ വിയോജിപ്പുകൾ എഴുതി അറിയിച്ചിരുന്നെന്നും അതിന് കേന്ദ്രം ഒരു മറുപടിയും തന്നിട്ടില്ലെന്നും പാർലമെന്റിൽ വിഷയത്തിന്മേൽ ഒരു ചർച്ചയും ഉണ്ടായില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.
നിയമ പണ്ഡിതന്മാരും ബാർ അസോസിയേഷനുകളും ജഡ്ജിമാരും അഭിഭാഷകരും നിരവധി ലേഖനങ്ങളിലും സെമിനാറുകളിലും പുതിയ മൂന്ന് നിയമങ്ങളിലെ ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാർ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തകർക്കുമെന്ന് നിയമവിദഗ്ധരടക്കം പറഞ്ഞിരുന്നു. കോടതികളിൽ കേസുകൾ വ്യാപകമായി കെട്ടിക്കിടക്കവെയുള്ള പരിഷ്‌ക്കാരം നീതിക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് ദുസ്സഹമാക്കുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
പുതിയ നിയമങ്ങൾ വരുന്നതോടുകൂടി നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ നിയമങ്ങൾ ഇല്ലാതാവും. ഇന്നു മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമപ്രകാരമായിരിക്കും. നിയമം നടപ്പാക്കുന്നതിന് മുമ്പുള്ള കുറ്റങ്ങളിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ ബാധകമാകും.
Content Highlight: Bulldozing three existing laws: Chidambaram slams govt over new criminal laws