ഹരിയാനയില്‍ വീണ്ടും ബുള്‍ഡോസര്‍ പ്രയോഗം; റസ്‌റ്റോറന്റ് പൊളിച്ച് നീക്കുന്നു
national news
ഹരിയാനയില്‍ വീണ്ടും ബുള്‍ഡോസര്‍ പ്രയോഗം; റസ്‌റ്റോറന്റ് പൊളിച്ച് നീക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th August 2023, 12:33 pm

നൂഹ്: ഹരിയാനയിലെ നൂഹില്‍ വീണ്ടും കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കുന്നു. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് നൂഹിലെ സഹറ റസ്റ്റോറന്റ് ഞായറാഴ്ച പൊളിച്ച് നീക്കുന്നത്.

അതേസമയം നൂഹ്, പല്‍വല്‍ ജില്ലകളിലെ ഇന്റര്‍നെറ്റ് നിരോധനം ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ട്. എസ്.എം.എസ് നിരോധനം തിങ്കളാഴ്ച അഞ്ച് മണി വരെ തുടരും.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കല്‍ നടപടി ജില്ലാ ഭരണകൂടം ആരംഭിച്ചത്. ഇതുവരെ ഒരു മെഡിക്കല്‍ ഷോപ്പ് അടക്കം 12 കടകള്‍ ഭരണകൂടം ഇടിച്ച് നിരത്തിയെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

കലാപം നടന്ന നൂഹില്‍ നിന്നും 20 കി.മി അകലെയുള്ള തൗരുവിലെ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കുടിലുകളും നേരത്തെ പൊളിച്ച് നീക്കിയിരുന്നു. ഹരിയാനയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ചാണ് 250 കുടിലുകള്‍ പൊളിച്ചുനീക്കിയത്.

എന്നാല്‍ സംഘര്‍ഷത്തില്‍ ഭാഗമായവരുടെ ഉടമസ്ഥതയിലുള്ള വീടുകളാണ് പൊളിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹരിയാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതെന്ന് നൂഹ് ജില്ലാ കളക്ടര്‍ അശ്വിനി കുമാറും പറഞ്ഞു.

നൂഹില്‍ ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രക്ക് പിന്നാലെയാണ് ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ ഇതുവരെ ഒരു പുരോഹിതനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.

സംഭവത്തില്‍ ഇതുവരെ 102 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 202 പേരെ അറസ്റ്റ് ചെയ്യുകയും 80 പേര്‍ കരുതല്‍ തടങ്കലില്‍ ആകുകയും ചെയ്തതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു.

CONTENT HIGHLIGHTS: Bulldozer use again in Haryana; The restaurant is being demolished and moved