| Monday, 13th May 2024, 1:28 pm

നിങ്ങള്‍ എന്റെ വീട് തകര്‍ത്തു, അത് തിരിച്ചുതരണമെന്ന് മോദിയോട് പറയണമെന്നുണ്ടായിരുന്നു, പക്ഷേ മക്കള്‍ തടഞ്ഞു; ബുള്‍ഡോസര്‍ രാജിന്റെ ഇര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇൻഡോർ: 2022 ൽ രാമനവമി ഘോഷയാത്രയ്ക്കിടെ നടന്ന ഖാർഗോൺ വർഗീയ കലാപത്തിൽ തകർക്കപ്പെട്ട തങ്ങളുടെ വീടുകൾ തിരിച്ചു തരണമെന്ന ആവശ്യവുമായി ബുൾഡോസർ രാജിന്റെ ഇരകൾ. ഖാർഗോണിലെ മുസ്‌ലിം വിഭാഗക്കാരാണ് ബുൾഡോസർ രാജിന്റെ ഇരകളായത്.

തങ്ങളുടെ വീടുകൾ തകർക്കപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് അവർ പറഞ്ഞു. ‘മോദി ഇവിടെ വന്നപ്പോൾ എനിക്കദ്ദേഹത്തോട് എൻ്റെ വീട് തിരികെ തരാൻ ആവശ്യപ്പെടണമെന്നുണ്ടായിരുന്നു. ‘നീ എൻ്റെ വീട് തകർത്തു, അത് വീണ്ടും പണിത് തരണമെന്ന് പറയാൻ ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ എൻ്റെ കുട്ടികൾ എന്നെ തടഞ്ഞു,’ ഖാർഗോൺ ആനന്ദ് നഗറിലെ തകര വീടിന് പുറത്ത് ഇരുന്ന് ഹസീന ഫഖ്‌റു ദി വയറിനോട് പറഞ്ഞു.

2022 ഏപ്രിലിൽ രാമനവമി ദിനത്തിൽ നടന്ന വർഗീയ കലാപത്തെത്തുടർന്നാണ് മധ്യപ്രദേശിലെ ഖാർഗോണിൽ ബുൾഡോസറുകൾ ഉപയോഗിച്ച് മുസ്‌ലിങ്ങളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തുകളഞ്ഞത്. വൈദ്യുതിയോ കുടിവെള്ളമോ പാർപ്പിടമോ ഇല്ലാതെ ദുരിതമനുഭവിക്കുകയാണ് ഇവിടുത്തെ നൂറുകണക്കിന് കുടുംബങ്ങൾ.

അനധികൃത കയ്യേറ്റം ആരോപിച്ചായിരുന്നു ഖാർഗോണിലെ വർഗീയ കലാപത്തിന് ശേഷം മുസ്‌ലിങ്ങളുടെ വീടുകൾ സർക്കാർ തകർത്തത്. ‘സാമൂഹ്യ വിരുദ്ധരും കലാപമുണ്ടാക്കുന്നവരും ഇനി നിയമത്തെ ഭയപ്പെടും. കല്ലെറിയുന്നവരുടെ വീടുകൾ കല്ലുകളുടെ അവശിഷ്ടങ്ങളായി മാറും,’
എന്നായിരുന്നു ഖാർഗോണിലെ ബുൾഡോസർ നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്ര പറഞ്ഞത്.

അക്രമകാരികൾ സർക്കാർ ഭൂമിയിലാണ് വീടുകൾ നിർമിച്ചതെന്നും ഇതുകൊണ്ടാണ് കെട്ടിടങ്ങൾ പൊളിച്ചതെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമിച്ചതാണ് തകർക്കപ്പെട്ട വീടുകളിൽ പലതും.
തങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്നാണ് ബുൾഡോസർ രാജിന്റെ ഇരകൾ പറയുന്നത്. ‘ഒരു രാഷ്ട്രീയക്കാരനും ഞങ്ങളെ കണ്ടിട്ടില്ല’ എന്നുമവർ പരാതിപ്പെട്ടു.

തങ്ങൾ താമസിക്കുന്നിടത്ത് യാതൊരുവിധ അക്രമങ്ങൾ നടന്നിട്ടില്ലെന്നും പക്ഷേ സർക്കാർ തങ്ങളുടെ വീടുകൾ തകർക്കുകയായിരുന്നെന്നും ആക്രമണത്തിനിരയായ മറ്റൊരു കുടുംബം പറയുന്നു. ‘വീട്ടിൽ കൃത്യമായ വൈദ്യുതി ലൈനും, മീറ്ററും വാട്ടർ കണക്ഷനും നാല് കിടപ്പുമുറികളും ഉണ്ടായിരുന്നു. കലാപത്തിന് ശേഷം അവർ വന്ന് ഞങ്ങളുടെ വീട് തകർത്തു, ഒന്നും എടുക്കാൻ അനുവദിച്ചില്ല. വൈദ്യുതി മീറ്റർ പോലും ഇല്ല. 18 മാസം ഞങ്ങൾ ഒരു ചെറിയ വീട്ടിലാണ് താമസിച്ചത്’ ഖാർഗോണിലെ ആക്രമണത്തിനിരയായ മുഹമ്മദ് അബ്ദുൽ ഹക്കിമിന്റെ വാക്കുകളാണിത്.

സംഭവം നടന്ന് രണ്ട് വർഷം കഴിഞ്ഞെങ്കിലും കേസ് ഇപ്പോഴും കോടതിയിൽ തന്നെയാണ്. വിഷയത്തിൽ സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.

2022 ഏപ്രിൽ 10 ന് രാമാനവമി ഘോഷയാത്ര കടന്നുപോയതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. നിരവധി വീടുകളും കടകളുമാണ് സംഘർഷത്തിൽ തകർക്കപ്പെട്ടത്. വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കായിരുന്നു പരിക്കേറ്റത്. അറസ്റ്റ് ചെയ്യപ്പെട്ട 175 പേരിൽ 14 പേരൊഴികെ ബാക്കിയെല്ലാവരും മുസ്‌ലിങ്ങളാണ്.

Content Highlight: bulldozer raj

We use cookies to give you the best possible experience. Learn more