| Thursday, 10th March 2022, 3:16 pm

ഒരു മിനുട്ട് കൊണ്ട് ബുള്‍ഡോസര്‍ സൈക്കിളിനെ ഇടിച്ചുനിരപ്പാക്കും; യോഗിയുടെ വിജയത്തില്‍ അഖിലേഷിനെ കൊട്ടി ഹേമമാലിനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ ബി.ജെ.പിയുടെ വിജയത്തില്‍ പ്രതികരണവുമായി നടിയും ബി.ജെ.പി നേതാവുമായ ഹേമമാലി. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയെ പരിഹസിച്ചുകൊണ്ടായിരുന്നു ഹേമമാലിനിയുടെ കമന്റ്.

‘ഞങ്ങളുടെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, എല്ലാ വികസന മേഖലകളിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അതിനാലാണ് പൊതുജനങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നത്. ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ല. സൈക്കിളായാലും മറ്റെന്തുമായാലും ഒരു മിനിറ്റിനുള്ളില്‍ എല്ലാം അവസാനിപ്പിക്കാന്‍ ബുള്‍ഡോസറിന് കഴിയും.’ ഹേമമാലിനി പറഞ്ഞു.

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഖിലേഷ് യാദവ് ‘ബാബ ബുള്‍ഡോസര്‍’ എന്ന് വിളിച്ച് പരിഹസിച്ചത് വിവാദമായിരുന്നു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ ‘ബാബ’ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഖിലേഷിന്റെ പരാമര്‍ശം. യോഗി ആദിത്യനാഥ് എല്ലാത്തിന്റെയും പേര് മാറ്റി. ഇതുവരെ ഞങ്ങള്‍ അദ്ദേഹത്തെ ‘ബാബ മുഖ്യമന്ത്രി’ എന്നാണ് വിളിച്ചിരുന്നത്, എന്നാല്‍ ഇന്ന് പ്രശസ്ത ഇംഗ്ലീഷ് പത്രങ്ങളിലൊന്ന് അദ്ദേഹത്തെ ‘ബാബ ബുള്‍ഡോസര്‍’ എന്നാണ് വിളിച്ചിരിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന സമയം സര്‍ക്കാര്‍ മാറും, ‘ഇങ്ങനെയായിരുന്നു അഖിലേഷിന്റെ വാക്കുകള്‍.

ഇതിന് മറുപടിയുമായി യോഗി രംഗത്തെത്തുകയും ചെയ്തിരുന്നു. ‘ബുള്‍ഡോസര്‍ സംസാരിക്കില്ല, എന്നാല്‍ അത് നന്നായി പ്രവര്‍ത്തിച്ച് കാണിച്ച് തരും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘ഞങ്ങളുടെ ബുള്‍ഡോസര്‍ സംസാരിക്കുകയില്ല, പക്ഷേ അത് നന്നായി പ്രവര്‍ത്തിക്കും. ഞങ്ങള്‍ അധികാരത്തില്‍ വന്നതിന് ശേഷം ഞങ്ങളുടെ വികസനവും ബുള്‍ഡോസറും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും.’ എന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.

അതേസമയം ബുള്‍ഡോസറില്‍ കയറിയിരുന്നും മറ്റുമാണ് യു.പിയിലെ വിജയം ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നത്. പാര്‍ട്ടി ആസ്ഥാനത്തേക്ക് ബുള്‍ഡോസര്‍ എത്തിച്ചായിരുന്നു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയത്.

403 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 259 മണ്ഡലങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 2 സീറ്റില്‍ ബി.ജെ.പി വിജയിച്ചുകഴിഞ്ഞു. 112 സീറ്റില്‍ സമാജ്‌വാദിയും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് വെറും രണ്ട് സീറ്റിലും ബി.എസ്.പി 3 സീറ്റിലും ഒതുങ്ങിയിട്ടുണ്ട്. അതേസമയം അപ്‌നാ ദള്‍ 10 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.

We use cookies to give you the best possible experience. Learn more