ലഖ്‌നൗ: യു.പിയില്‍ രണ്ടാം ദിവസവും ശമനമില്ലാതെ ബുള്‍ഡോസര്‍ ആക്രമണം. ബി.ജെ.പി വക്താവും നുപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധത്തിനിറങ്ങിയവരുടെ വീടുകളാണ് യോഗി സര്‍ക്കാരിന്റെ കീഴിലുള്ള ബുള്‍ഡോസറുകള്‍ തകര്‍ത്തത്. കാന്‍പൂരിലും പ്രയാഗ്‌രാജിലുമാണ് ആക്രമണങ്ങള്‍ തുടരുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ പ്രാദേശിക രാഷ്ട്രീയ നേതാവായ ജാവേദ് അഹ്മദിന്റെ വീടും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. പ്രതിഷേധത്തില്‍ ആസൂത്രകന്‍
ജാവേദാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
വീടിന്റെ തറയിലും ഒന്നാം നിലയിലും അനധികൃത നിര്‍മാണം നടത്തിയെന്നാരോപിച്ച് ജാവേദിന്റെ വസതിക്ക് പുറത്ത് നോട്ടീസ് പതിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മുനിസിപ്പല്‍ ഏജന്‍സി പൊളിച്ചുനീക്കിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനാണ് ജാവേദ് മുഹമ്മദ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ജൂണ്‍ 11ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ടൈംസ്‌നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്.
നുപുര്‍ ശര്‍മയെ പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍, നടപടി തെറ്റാണെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ അഭിപ്രായം. പാര്‍ട്ടിയുടെ ആശയം മാത്രമാണ് നുപുര്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്നും ഇതിന് ബി.ജെ.പി സ്വീകരിച്ച നടപടി ശരിയല്ലെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വാദം.
Content Highlight: Bulldozer attack crossed second day in UP