ന്യൂദല്‍ഹി: നിയമത്തിന് കീഴില്‍ ബുള്‍ഡോസ് രാജിന് പ്രാധാന്യമില്ലെന്ന് സുപ്രീം കോടതി. പരിഷ്‌കൃത സമൂഹത്തിന് കീഴില്‍ ബുള്‍ ഡോസ് രാജിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
രാജ്യത്ത് ഏതെങ്കിലും ഉന്നതരോ ഉദ്യോഗസ്ഥരോ നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ പൊളിക്കുന്നത്, പ്രതികാര നടപടികളായി കണക്കാക്കുമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള പ്രവൃത്തി ഗുരുതരമായ വീഴ്ചയാണെന്നും അപകടങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വത്തുക്കളും വീടുകളും ഇല്ലാതാക്കുമെന്ന ഭീഷണികൊണ്ട് രാജ്യത്തെ പൗന്മാരെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
റോഡ് വീതി കൂട്ടുന്നതിനായി വീട് തകര്‍ത്തതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മനോജ് തിബ്രേവാള്‍ ആകാശിന് ഇടക്കാല നഷ്ടപരിഹാരം നല്‍കാനുത്തരവിട്ട കോടതി വിധിയുടെ പകര്‍പ്പും ബെഞ്ച് പുറത്ത് വിട്ടു.
അനധികൃതമായ കയ്യേറ്റങ്ങളോ കെട്ടിടങ്ങളോ പൊളിച്ചുനീക്കുന്നതിന് മുമ്പ് സംസ്ഥാനം നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ബുള്‍ഡോസ് നീതി നിയമവാഴ്ചയ്ക്ക് കീഴില്‍ സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
റോഡ് വീതി കൂട്ടാനായി കെട്ടിടം പൊളിച്ച സംഭവത്തില്‍, സംസ്ഥാന പാതയുടെ വിജ്ഞാപനം ചെയ്ത യഥാര്‍ത്ഥ വീതി കാണിക്കുന്ന രേഖകള്‍ പരിശോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.
നവംബര്‍ ആറിന് പരിഗണിച്ച മഹാരാജ് ഗഞ്ചിലെ ഹരജിക്കാരന്റെ വീടിന്റെ കാര്യത്തിലും പൊളിക്കുന്നതിന് മുമ്പായുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ലെന്ന് പറഞ്ഞ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.
മനുഷ്യന്‍ ആത്യന്തികമായി സംരക്ഷിതരായിരിക്കുന്നത് അവരുടെ വീടുകളിലാണെന്നും നിയമവിരുദ്ധമായി പൊതുസ്വത്തുക്കള്‍ കയ്യേറുന്നത് നിയമം അംഗീകരിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
കയ്യേറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അതിനനുസൃതമായി നടപടികള്‍ പാലിക്കണമെന്നും സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാടുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Bulldoze Raj not acceptable under rule of law: Supreme Court