ലക്‌നൗ: ബുലന്ദ്ശഹര്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരനോട് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ക്ക് വിരോധമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇവര്‍ മൂന്നുമാസം മുമ്പ് അദ്ദേഹത്തെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇടപെട്ടിരുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
കൊല്ലപ്പെട്ട പൊലീസുകാരനായ സുബോധ് കുമാര്‍ സിങ്ങിനെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ ഒന്നിന് ബി.ജെ.പി നേതാക്കള്‍ ബുലന്ദ്ശഹര്‍ എം.പി ബോല സിങ്ങിന് കത്തയച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇയാള്‍ ഹിന്ദു മതപരിപാടികള്‍ക്ക് തടസം നില്‍ക്കുന്നെന്നും ഇടപെടല്‍ നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു കത്ത്.
ഇങ്ങനെയൊരു കത്തയച്ചകാര്യം ബി.ജെ.പി ജനറല്‍ സെക്രട്ടറി സഞ്ജയ് ശ്രോടിയ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് ബി.ജെ.പി അംഗങ്ങളാണ് കത്തില്‍ ഒപ്പിട്ടത്.
“ഹിന്ദു മതപരിപാടികള്‍ക്ക് തടസം നില്‍ക്കുന്ന ശീലം ഈ പൊലീസ് ഓഫീസര്‍ക്ക് ഉണ്ട്” എന്നാണ് ബി.ജെ.പി നേതാക്കള്‍ കത്തില്‍ ആരോപിച്ചത്. “ഇതുകാരണം ഹിന്ദു സമൂഹത്തില്‍ അദ്ദേഹത്തിനെതിരെ രോഷം ഉയരുന്നുണ്ട്.” എന്നും കത്തില്‍ പറയുന്നു.
പശു മോഷണവുമായും കശാപ്പുമായും ബന്ധപ്പെട്ട കേസുകള്‍ അദ്ദേഹം ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്നും കത്തില്‍ ആരോപിച്ചിരുന്നു.
“അതിനാല്‍ അദ്ദേഹത്തെയും മറ്റു പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരേയും എത്രയും പെട്ടെന്ന് സ്ഥലം മാറ്റുകയും ഇവര്‍ക്കെതിരെ ഡിപ്പാര്‍ട്ടുമെന്റല്‍ നടപടികള്‍ എടുക്കുകയും വേണം.” എന്നാല്‍ രണ്ടു പാരഗ്രാഫുള്ള കത്തില്‍ പറയുന്നത്.
ബി.ജെ.പിയും അദ്ദേഹവുമായി നിരവധി സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ശ്രോടിയ പറയുന്നത്.
ഇയാളെ സ്ഥലംമാറ്റാന്‍ ആവശ്യപ്പെട്ടകാര്യം കത്തില്‍ ഒപ്പിട്ടയാള്‍ കൂടിയായ ബി.ജെ.പി മുന്‍ കോര്‍പ്പറേറ്റര്‍ മനോജ് ത്യാഗിയും സ്ഥിരീകരിച്ചിട്ടുണ്ട്.