കൊല്ലവനെ എന്ന് ആക്രോശിച്ചായിരുന്നു അവര്‍ ഓടിയെത്തിയത്; ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമവും തടഞ്ഞു; കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധിന്റെ ഡ്രൈവര്‍
national news
കൊല്ലവനെ എന്ന് ആക്രോശിച്ചായിരുന്നു അവര്‍ ഓടിയെത്തിയത്; ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമവും തടഞ്ഞു; കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധിന്റെ ഡ്രൈവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 10:20 am

ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു. എഫ്.ഐ.ആറില്‍ 27 ആളുകളെ പ്രതിചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട 60 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. യോഗേശ് രാജ് എന്നായാളാണ് പ്രധാന പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൊല്ലവനെ എന്ന് പറഞ്ഞ് ഓടിക്കൂടിയ അക്രമികളാണ് പൊലീസ് ഉദ്യോഗസ്ഥനായ സുബോധിനെ വധിച്ചതെന്ന് സുബോധിന്റെ ഡ്രൈവര്‍ രാം പറയുന്നു.

കഴിഞ്ഞ ദിവസം മഹാവ് ഗ്രാമത്തില്‍ പശുവിന്റെ അവശിഷ്ടം കണ്ടെടുത്തതിനെ തുടര്‍ന്ന് ഇതുമായി സംഘപരിവാര്‍ സംഘടനകള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തുടങ്ങിയ പ്രതിഷേധം കലാപമാവുകയായിരുന്നു. പൊലീസ് തിരിച്ചു നടത്തിയ വെടിവെയ്പില്‍ സുമിത് എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയായിരുന്നു സംഘപരിവാര്‍ വലിയ കലാപം പ്രദേശത്ത് നടത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയ അക്രമികള്‍ സ്റ്റേഷനിലെ പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളും കത്തിച്ചു. പൊലീസ് സ്റ്റേഷന് നേരെ വ്യാപക അക്രമമാണ് നടത്തിയത്. നിരവധി പൊലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. 400 ഓളം വരുന്ന ആളുകളാണ് പൊലീസിന് നേരെ കല്ലേറ് നടത്തിയതെന്ന് സുബോധിന്റെ ഡ്രൈവര്‍ രാം അസ്‌റെ പറഞ്ഞു.


ഗോവധമാരോപിച്ച് ബജ്‌റംഗ്ദള്‍ സംഘര്‍ഷം; കൊല്ലപ്പെട്ടത് അഖ്‌ലാഖ് കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥന്‍; ആസൂത്രിതമെന്ന് ആരോപണം


രണ്ടാമത്തെ തവണയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തേയും കൊണ്ട് ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കവേ വലിയ ആള്‍ക്കൂട്ടം എത്തി വാഹനം തടഞ്ഞു. ജീവനും കൊണ്ട് രക്ഷപ്പെടാനേ അപ്പോള്‍ സാധിച്ചുള്ളൂ. ജീപ്പിനെടുത്തേക്ക് ഞാന്‍ ചെന്നാല്‍ അവര്‍ എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നത് എന്ന് ഭയമുണ്ടായിരുന്നു. വാഹനം മുന്നോട്ടെടുക്കാന്‍ പോലും പറ്റാത്ത രീതിയില്‍ അവര്‍ പൊലീസുകാരെ വളഞ്ഞു. വലത് സംഘടനാ പ്രവര്‍ത്തകരായിരുന്നു അവരെല്ലാം. ചത്തുപശുവിന്റെ അവശിഷ്ടങ്ങള്‍ എടുത്തിട്ട ട്രാക്ടര്‍ റോഡിന് നടുവില്‍ വെച്ച് അവര്‍ റോഡ് ബ്ലോക് ചെയ്യുകയായിരുന്നു. ആകാശത്തേക്ക് വെടിയുതിര്‍ത്ത് അവരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും അവരുടെ കൈയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു- അദ്ദേഹം പറഞ്ഞു.

അതിനിടെ കൊല്ലപ്പെട്ട പൊലീസ് ഓഫിസര്‍ സുബോധ് കുമാറിന്റെ മൃതദേഹം അദ്ദേഹത്തിന്റെ കറുത്ത എസ്.യു.വി കാറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാണത്തക്ക വിധത്തിലുള്ള ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

അതിനിടെ സുബോധ് സിങ്ങിനെ വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്ന എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബുലന്ദ്ശഹറിലെ മഹാവ് ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇയാളെന്നും കലാപം നടന്ന സ്ഥലത്തിന്റെ തൊട്ടടുത്ത പ്രദേശമാണിതെന്നും എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നതും സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിനെ വധിക്കാനാണ് കലാപം നടത്തിയതെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ബുലന്ദ്ശഹര്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

സുബോധ് കുമാറിനെ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറപ്പുള്ള വസ്തുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഔദ്യോഗിക വാഹനത്തില്‍ വെടിയേറ്റ് താഴേക്ക് തൂങ്ങിക്കിടക്കുന്ന സുബോധ് കുമാറിന്റെയും ചുറ്റും യുവാക്കള്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.