ബൂലന്ദ്ശബര്‍ കൊലപാതകം; സുബോധ് കുമാറിന്റെ മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. തോക്കിനായുള്ള തിരച്ചില്‍ ഊര്‍ജിതം
national news
ബൂലന്ദ്ശബര്‍ കൊലപാതകം; സുബോധ് കുമാറിന്റെ മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. തോക്കിനായുള്ള തിരച്ചില്‍ ഊര്‍ജിതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th January 2019, 3:18 pm

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറിലെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. കൊലപാതക കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രശാന്ത് നട്ടിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സുബോധ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. സുബോധ് കുമാറിന്റെ കാണാതായ തോക്കിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍ അടക്കമുള്ള സംഘടനകള്‍ ബുലന്ദ്ശഹറില്‍ നടത്തിയ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ പ്രതിഷേധക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: ഇ.വി.എം ഇലക്ട്രോണിക് ഉപകരണമല്ലേ?.ഹാക്ക് ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടില്ല; വെല്ലുവിളി വേണ്ട

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാണ് പ്രശാന്ത് നട്ടിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അന്വേഷണത്തിസംഘം സുബോധ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ കൂടാതെ അഞ്ച് ഫോണുകള്‍ കൂടി കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

കേസില്‍ ഇത് വരെയായി 36 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ പ്രശാന്തിനെ ഗ്രെയ്റ്റര്‍ നോയിഡയില്‍ വച്ചായിരുന്നു പോലീസ് പിടികൂടിയത്. മറ്റൊരു പ്രധാന പ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജും പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.

അക്രമത്തില്‍ മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു. അഖ്‌ലാക്ക് കൊലപാതകത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ കൊല്ലപ്പെട്ടത് ദുരൂഹമാണെന്ന ആരോപണം ഇനിയും അവസാനിച്ചിട്ടില്ല.