| Thursday, 6th December 2018, 1:13 pm

സുബോധ് സിങ്ങിന്റെ പേരില്‍ കോളേജ് ആരംഭിക്കും, റോഡിന് പേരിടും; യോഗിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ പ്രഖ്യാപനങ്ങളുയി ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബുലന്ദ്ശ്വറില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിയ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിന്റെ കുടുംബം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെന്നു കണ്ടു. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. യു.പി ഡി.ജി.പി ഒ.പി സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

തങ്ങള്‍ക്ക് നീതി വാങ്ങിത്തരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ചര്‍ച്ചയ്ക്ക് പിന്നാലെ സുബോധിന്റെ മകന്‍ ശ്രേയ് പ്രതാപ് സിങ് പ്രതികരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നുമായിരുന്നു ഡി.ജി.പിയുടെ പ്രതികരണം.

സുബോധിന്റെ പേരില്‍ കോളേജ് ആരംഭിക്കുമെന്നും ജൈതരി കുറോളി റോഡിന് ശ്രീ സുബോധ്കുമാര്‍ സിങ് സാഹിദ് മാര്‍ഗ് എന്ന് പേരിടുമെന്നുമായിരുന്നു ഡി.ജി.പിയുടെ പ്രസ്താവന.

ബുലന്ദ്ശ്വറില്‍ പശുവിനെ അറുത്തവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്നായിരുന്നു സംഭവത്തിന് പിന്നാലെ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്.

ബുലന്ദ്ശ്വറില്‍ സംഘപരിവാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെ കുറിച്ച് ഒരക്ഷരം പറയാതെയായിരുന്നു യോഗി ആദിത്യനാഥ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കൊലപാതകക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനും യോഗി നിര്‍ദേശം നല്‍കിയിരുന്നില്ല. ഗോഹത്യ നടത്തിയവരെ കണ്ടെത്താനും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ് യോഗി പറഞ്ഞതെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.


സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ മുറിയില്‍ മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; 60 വര്‍ഷത്തിനിടെ ആദ്യം


സംഭവത്തില്‍ 28 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായിരിക്കുന്നത് ബജ്റംഗദളിന്റേയും വി.എച്ച്.പിയുടേയും ബി.ജെ.പി യൂത്ത് വിങ്ങിന്റേയും പ്രധാനപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമാണ്.

കലാപം മനപൂര്‍വം തയ്യാറാക്കിയതാണെന്ന് വ്യക്തമാകുന്ന തെളിവുകളെല്ലാം ഇതിനകം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കലാപത്തിന് ആസൂത്രണം നല്‍കിയതിന്റെ പേരില്‍ ബജ്റംഗദള്‍ നേതാവിനെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ കൊലപാതകം നടത്തിയ പ്രതി ആരെന്ന കാര്യത്തില്‍ ഇപ്പോഴും പൊലീസിന്റെ കയ്യില്‍ മറുപടിയില്ല.

ബുലന്ദ്ശ്വര്‍ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ ഓം പ്രകാശ് രാജ്ബറും പറഞ്ഞിരുന്നു. ഈ ഗൂഢാലോചനയില്‍ വി.എച്ച്.പിക്കും ആര്‍.എസ്.എസിനും കൃത്യമായ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പശുവിന്റെ അവശിഷ്ടം പാടത്ത് തൂക്കിയിട്ട നിലയും സംഭവം അറിഞ്ഞയുടന്‍ ഹിന്ദുത്വ സംഘടനകളുടെ വന്‍ സംഘം തന്നെ അവിടെയെത്തിയെന്നതും ഈ സംശയം ബലപ്പെടുത്തിയിരുന്നു.

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ചത്ത പശുവിന്റെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളായ തഹസില്‍ദാര്‍ രാജ്കുമാര്‍ ഭാസ്‌ക്കര്‍ പറഞ്ഞിരുന്നു.

പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയായിരുന്നു. ഇത് സാധാരണ നടക്കാത്ത സംഭവമാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ അറവകാരൊന്നും ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന വാര്‍ത്ത ഉടനെ തന്നെ തന്നെ ഹിന്ദു യുവവാഹിനി, ശിവസേന, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചെന്ന് തഹസില്‍ദാര്‍ പറയുന്നു. പിന്നീട് ഇവര്‍ ഇത് ട്രാക്ടറില്‍ കയറ്റി ബുലന്ദ്ശഹര്‍-ഗര്‍ഹ്മുക്ടേശ്വര്‍ ഹൈവേയില്‍ കൊണ്ടുപോയിട്ട് പ്രതിഷേധിക്കുകയായിരുന്നു.

ഡിസംബര്‍ 1 മുതല്‍ 3 വരെ മുസ്ലിം വിഭാഗമായ തബ്ലീഗ് ജമാഅത്തിന്റെ “ഇജ്തെമാഅ്” പരിപാടി ബുലന്ദ് ശഹറില്‍ നടന്നിരുന്നു. 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബുലന്ദ്ശഹര്‍ ദേശീയ പാതയിലൂടെയാണ് ഈ ആളുകള്‍ സഞ്ചരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലവും സമയവും സംശയസ്പദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more