ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഓഫിസര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട്. ബുലന്ദ്ശഹറിലെ മഹാവ് ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇയാളെന്നും കലാപം നടന്ന സ്ഥലത്തിന്റെ തൊട്ടടുത്ത പ്രദേശമാണിതെന്നും എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നതും സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിനെ വധിക്കാനാണ് കലാപം നടത്തിയതെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ബുലന്ദ്ശഹര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
സുബോധ് കുമാറിനെ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറപ്പുള്ള വസ്തുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഔദ്യോഗിക വാഹനത്തില്‍ വെടിയേറ്റ് താഴേക്ക് തൂങ്ങിക്കിടക്കുന്ന സുബോധ് കുമാറിന്റെയും ചുറ്റും യുവാക്കള്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം മഹാവ് ഗ്രാമത്തില്‍ പശുവിന്റെ അവശിഷ്ടം കണ്ടെടുത്തതിനെ തുടര്‍ന്ന് ഇതുമായി സംഘപരിവാര്‍ സംഘടനകള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തുടങ്ങിയ പ്രതിഷേധം കലാപമാവുകയായിരുന്നു. പൊലീസ് തിരിച്ചു നടത്തിയ വെടിവെയ്പില്‍ സുമിത് എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.