'വരും ദിവസങ്ങളില്‍ ഞാനും കൊല്ലപ്പെടും'; ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട സുബോദ് സിങിന്റെ ഭാര്യ
national news
'വരും ദിവസങ്ങളില്‍ ഞാനും കൊല്ലപ്പെടും'; ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട സുബോദ് സിങിന്റെ ഭാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2019, 12:32 am

വരും ദിവസങ്ങളില്‍ താനും കൊല്ലപ്പെടുമെന്ന് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട പൊലീസുദ്യോഗസ്ഥന്‍ സുബോദ് സിങിന്റെ ഭാര്യ രജനി സിങ്. കേസിലെ മുഖ്യപ്രതി യോഗേഷ് രാജിനടക്കും പ്രതികളായ 33 പേര്‍ക്കും കോടതി ജാമ്യമനുവദിച്ചതിന് പിന്നാലെയായിരുന്നു രജനി സിങ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രതികള്‍ക്ക് ജാമ്യമടക്കം അനുവദിച്ച നിയമവ്യവസ്ഥിതിയില്‍ താന്‍ വളരെയധികം അസ്വസ്ഥയാണെന്നും അവര്‍ പറഞ്ഞു.

‘വരും ദിവസങ്ങളില്‍ അവര്‍ എന്നെയും കൊല്ലുമെന്ന പേടി എനിക്കുണ്ട്. അത് തന്നെയാവും നന്നാവുക. ഇവിടെ ആരും പരാതിപ്പെടാനോ ആരും കേള്‍ക്കാനോ ഇല്ല’ രജനി എന്‍.ഡി ടി.വിയോട് പറഞ്ഞു.

ഇവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനായില്ലെങ്കില്‍ ആരെയാണ് കൊണ്ടുവരാന്‍ കഴിയുക? രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവന് നീതി ലഭിച്ചില്ലെങ്കില്‍ ആര്‍ക്കാണ് ലഭിക്കുക? എനിക്കിവിടുത്തെ രീതി എന്താണെന്ന് മനസിലാവുന്നില്ല’, രജനി പറഞ്ഞു.

ഈ ആളുകള്‍ക്ക് അവരുടെ അധികാരമാലോചിച്ച് നാണമില്ലാതാവും. ഇതാണ് ഇപ്പോല്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് അവരുടെ നേതാക്കളെ എങ്ങനെയും സ്വാധീനിക്കാനാവും’, രജനി കൂട്ടിച്ചേര്‍ത്തു.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാണ് സുബോദ് സിങിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ഇതേ ആവശ്യം ഇവര്‍ മുമ്പും മുന്നോട്ടുവച്ചിരുന്നു.

ഗോവധം ആരോപിച്ച് ബജ്റംഗ്ദള്‍ നേതാവ് യോഗേഷാണ് പൊലീസില്‍ വ്യാജ പരാതി നല്‍കിയത്. പിന്നീട് പരാതിയില്‍ അന്വേഷണം നടത്താനെത്തിയ സുബോധ് സിങുമായി യോഗേഷ് വാക്ക് തര്‍ക്കത്തിലായി. തുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ സുബോധ് കുമാറിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മറ്റൊരു പ്രതിയായ പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സുബോധ് സിങിനെ അഞ്ച് പേര്‍ ചേര്‍ന്ന് വളയുകയും ഇതില്‍ ഒരാള്‍ അദ്ദേഹത്തെ വെടിവെക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. അക്രമിസംഘത്തിലൊരാള്‍ കോടാലി ഉപയോഗിച്ച് സുബോദ് സിങിന്റെ വിരലുകള്‍ വെട്ടിയതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ സമൂഹത്തില്‍ ജീവിക്കാന്‍ ഇത്തരം ആളുകള്‍ക്ക് അര്‍ഹതയില്ല. ഇത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും സംഭവിക്കാതിരിക്കാന്‍ ഒരു ഉദാഹരണം എന്ന രീതിയില്‍ ഇവര്‍ ജയിലില്‍തന്നെ കഴിയണം’, സുബോദ് സിങിന്റെ മകന്‍ ശ്രേയ് പ്രതാപ് സിങ് പറഞ്ഞു.

ഗോവധം ആരോപിച്ച് ഉത്തര്‍പേദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനായ സുബോദ് സിങ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ 38 പേരെ പ്രതിചേര്‍ത്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതില്‍ അഞ്ച് പേര്‍ക്കതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

2018 ഡിസംബര്‍ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.