Bulandshahr violence
ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടറെയും യുവാവിനെയും വെടിവെച്ചത് ഒരേ തോക്ക് ഉപയോഗിച്ചിട്ട്; അന്വേഷണത്തില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 07, 05:03 am
Friday, 7th December 2018, 10:33 am

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍സിങ്ങും സുമിത് കുമാര്‍ എന്ന യുവാവും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്ന് വെടി കൊണ്ടിട്ടെന്ന് കണ്ടെത്തല്‍. 32 bore തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചിട്ടുള്ളത്. ഇത് സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്ന തോക്കാണ്.

ബുലന്ദ്ശഹര്‍ കലാപം ആസൂത്രിതമാണെന്നുള്ള അന്വേഷണസംഘത്തിന്റെ സംശയം ശരിവെക്കുന്നതാണ് പുതിയകണ്ടെത്തലുകള്‍.

സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് അവധിക്കെത്തിയ ഒരു സൈനികനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാള്‍ ജമ്മുവിലേക്ക് രക്ഷപ്പെട്ടുവെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുബോധ്കുമാര്‍ സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും പ്രതികളെ കണ്ടെത്തുമെന്നും യു.പി സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സുമിത് കുമാറിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കാമെന്നേറ്റിട്ടുണ്ട്.