ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിന് കാരണമായ കലാപക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌റംഗദള്‍ ജില്ല കോര്‍ഡിനേറ്ററായ യോഗേഷ് രാജാണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ ബജ്‌റംഗദള്‍ വിട്ടുനല്‍കിയത് കൊണ്ട് മാത്രമാണ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്യാനായതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ 3ന് ബുലന്ദ്ശഹറില്‍ പശുക്കളെ ഏഴുപേര്‍ ചേര്‍ന്ന് അറുക്കുന്നത് കണ്ടെന്ന് പറഞ്ഞ് യോഗേഷ് രാജിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് ആളുകള്‍ സംഘടിച്ചു തുടങ്ങിയത്. യോഗേഷ് രാജിന്റെ പരാതി പ്രകാരമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയടക്കം പൊലീസ് കേസെടുത്തിരുന്നത്.
കേസിലിതുവരെ 31 പേരാണ് അറസ്റ്റിലായത്. വെടിവെച്ചു കൊല്ലുന്നതിന് മുമ്പ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ മഴുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കലുവ എന്നയാളെ പൊലീസ് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. വെടിവെച്ച പ്രശാന്ത് നട്ട് എന്നയാളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.