| Monday, 30th September 2024, 12:25 pm

റൊണാള്‍ഡോ നേടിയതില്‍ ചിലതെങ്കിലും എന്റെ ടീമിന് വേണ്ടി ചെയ്യാനാണ് ശ്രമിക്കുന്നത്; തുറന്നുപറഞ്ഞ് ഫ്യൂച്ചര്‍ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകനാണ് താനെന്ന് തുറന്നുസമ്മതിച്ച താരമാണ് ആഴ്‌സണലിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ബുകായോ സാക്ക. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറും ക്ലബ്ബുകളില്‍ ചെലുത്തിയ സ്വാധീനവും അനുകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

2021ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് റയല്‍ ഇതിഹാസത്തിന്റെ നേട്ടങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതായി താരം വെളിപ്പെടുത്തിയത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു എന്റെ ആരാധനാപാത്രം. വളര്‍ന്നുവരുമ്പോള്‍ അദ്ദേഹത്തെ പോലെയാകണമെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നത്. അദ്ദേഹം ധരിച്ചത്, ഇപ്പോഴും ധരിക്കുന്നത് ഏഴാം നമ്പര്‍ ജേഴ്‌സിയാണ്.

ആഴ്‌സണലില്‍ ഏഴാം നമ്പര്‍ ജേഴ്‌സി ലഭിച്ചത് ഒരു സ്വപ്‌ന സാക്ഷാത്കാരം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അദ്ദേഹം നേടിയെടുത്ത ചില കാര്യങ്ങളെങ്കിലും എന്റെ ക്ലബ്ബിനായി ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ച് പല വലിയ കാര്യങ്ങളും ക്ലബ്ബിന് വേണ്ടി ചെയ്യാനാണ് ഞാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. കാരണം അവര്‍ ഏഴാം നമ്പര്‍ ജേഴ്‌സി എനിക്ക് നല്‍കിക്കൊണ്ട് എന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. ഇതിഹാസ തുല്യരായ താരങ്ങളാണ് എനിക്ക് മുമ്പേ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചിട്ടുള്ളത്,’ സാക്ക കൂട്ടിച്ചേര്‍ത്തു.

ഈയിടെ ആമസോണ്‍ പ്രൈം വീഡിയോ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലും വലുതാകുമ്പോള്‍ റൊണാള്‍ഡോയെ പോലെ ആകാനാണ് ആഗ്രഹിച്ചതെന്ന് സാക്ക വ്യക്തമാക്കിയിരുന്നു.

2019ലാണ് ഗണ്ണേഴ്‌സിന്റെ യുവനിരയില്‍ നിന്നും സാക്ക ടീമിന്റെ ഭാഗമായത്. യൂറോപ്പിലെ ഏറ്റവും മികച്ച വിങ്ങര്‍മാരില്‍ ഒരാളായി താരം സ്വയം അടയാളപ്പെടുത്തുകയായിരുന്നു. മൈക്കല്‍ ആര്‍ടേറ്റയുടെ കീഴില്‍ പീരങ്കിപ്പടയുടെ മാര്‍ക്വി താരവും സാക്ക തന്നെയായിരുന്നു.

ഗണ്ണേഴ്‌സിനായി 234 മത്സരത്തിലാണ് താരം കളത്തിലിറങ്ങിയത്. ഈ മത്സരങ്ങളില്‍ നിന്നുമായി 59 തവണ ഗോളടിച്ച താരം 58 തവണ കൂട്ടാളികളെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് സാക്ക കാഴ്ചവെച്ചത്. സാക്കക്കൊപ്പം മികച്ച പ്രകടനം തുടര്‍ന്ന ആഴ്‌സണല്‍ ലീഗ് കിരീടം നേടുമെന്ന് തോന്നിച്ചെങ്കിലും സിറ്റിക്ക് മുമ്പില്‍ വീഴുകയായിരുന്നു.

അതേസമയം, ഇത്തവണയും കിരീടം ലക്ഷ്യമിട്ടാണ് പീരങ്കിപ്പട മുമ്പോട്ട് കുതിക്കുന്നത്. സീസണില്‍ കളിച്ച ആറ് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് സമനിലയുമായി 14 പോയിന്റോടെ മൂന്നാമതാണ് ആഴ്‌സണല്‍. 14 പോയിന്റ് തന്നെയുള്ള മാന്‍ സിറ്റി രണ്ടാമതാണ്. ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയുമായി 16 പോയിന്റോടെ ലിവര്‍പൂളാണ് ഒന്നാമത്.

ഒക്ടോബര്‍ രണ്ടിനാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയാണ് എതിരാളികള്‍. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Bukayo Saka praises Cristiano Ronaldo

We use cookies to give you the best possible experience. Learn more