തുടർച്ചയായ രണ്ടാം സീസണിലും അത് സംഭവിച്ചു; ആഴ്‌സണൽ താരത്തിന് കലക്കൻ റെക്കോഡ്
Football
തുടർച്ചയായ രണ്ടാം സീസണിലും അത് സംഭവിച്ചു; ആഴ്‌സണൽ താരത്തിന് കലക്കൻ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st January 2024, 2:47 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഴ്‌സണലിന് തകര്‍പ്പന്‍ വിജയം. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്റെ വിജയം.

മത്സരത്തില്‍ ഗണ്ണേഴ്സിനായി ഇംഗ്ലണ്ട് താരം ബുക്കയോ സാക്ക ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ആഴ്സണലിനായി സാക്ക ഈ സീസണില്‍ നേടുന്ന പത്താം ഗോളായിരുന്നു ഇത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സാക്കയെ തേടിയെത്തിയത്. ആഴ്സണലിനായി തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ 10+ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് സാക്ക സ്വന്തം പേരിലാക്കിമാറ്റിയത്.

ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത് ചിലിയുടെ അലക്‌സിസ് സാഞ്ചസ് ആയിരുന്നു. 2014, 2016 എന്നീ സീസണുകളിലായിരുന്നു ചിലി സ്‌ട്രൈക്കര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടായ സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയായിരുന്നു ആഴ്സണല്‍ പിന്തുടര്‍ന്നത്.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 65ാം മിനിട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം ഗബ്രിയേല്‍ ജീസസിലൂടെ ആഴ്സണല്‍ ആണ് ആദ്യം ലീഡ് നേടിയത്. 72ാം മിനിട്ടില്‍ സാക്ക ആഴ്‌സണലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

മറുഭാഗത്ത് 89ാം മിനിട്ടില്‍ ടൈവോ അവോനിയിലൂടെയായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ആശ്വാസഗോള്‍ പിറന്നത്.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 മത്സരങ്ങളില്‍ നിന്നും 14 വിജയവും നാല് സമനിലയും നാല് തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആഴ്‌സണല്‍.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം. ഗണ്ണേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Bukayo Saka create a new record in Arsenal.