2022 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ സെനഗലിനെ മറികടന്നുകൊണ്ട് ഇംഗ്ലണ്ട് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
ജോര്‍ഡന്‍ ഹെന്‍ഡേര്‍സണ്‍, ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, യുവതാരം ബുക്കോയോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ കണ്ടെത്തിയത്. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം നേടിക്കൊണ്ടാണ്ടായിരുന്നു ഇംഗ്ലണ്ട് അടുത്ത ഘട്ടത്തിലേക്ക് കുതിച്ചത്.
ഈ ലോകകപ്പിലെ തന്റെ ആദ്യ ഗോളായിരുന്നു ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി തന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കുകയും ഗോള്‍ഡന്‍ ബൂട്ട് റണ്ണില്‍ താനുമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തുകൊണ്ടാണ് സൂപ്പര്‍ താരം ബുക്കോയോ സാക്ക ത്രീ ലയണ്‍സിനായി തിളങ്ങുന്നത്.
ഇറാനെതിരായ ആദ്യ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ സാക്ക, കഴിഞ്ഞ മത്സരത്തിലും ഗോള്‍ നേടിക്കൊണ്ടാണ് ഇംഗ്ലണ്ട് ആരാധകരെ കൊണ്ട് തനിക്കുവേണ്ടി കയ്യടിപ്പിക്കുന്നത്.
ഒരര്‍ത്ഥത്തില്‍ ഇംഗ്ലണ്ടിന്റെ ആരാധകരോട് അക്ഷരാര്‍ത്ഥത്തില്‍ പ്രതികാരം വീട്ടുകയാണ് സാക്ക. തന്നെ വംശീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തവരെ കൊണ്ട് തന്നെ തനിക്ക് വേണ്ടി കയ്യടിപ്പിച്ചാണ് താരം മാസ് കാണിക്കുന്നത്.
സാക്കക്ക് പുറമെ സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഈ ലോകകപ്പില്‍ മൂന്ന് ഗോള്‍ നേടിയിട്ടുണ്ട്. വെയ്ല്‍സിനെതിരെ നേടിയ ഇരട്ട ഗോളും ഇറാനെതിരെ നേടിയ ഗോളുമാണ് ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ റാഷ്‌ഫോര്‍ഡിന് ഇടം നേടിക്കൊടുത്തത്.
2021 യൂറോകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് തോറ്റിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഹാരി കെയ്‌നും മഗ്വെയ്‌റും കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ റാഷ്‌ഫോര്‍ഡ്, സാക്ക, സാഞ്ചോ എന്നിവര്‍ പെനാല്‍ട്ടി മിസ് ചെയ്തിരുന്നു. ഇറ്റലിക്കായി ക്യാപ്റ്റന്‍ ബൊണൂച്ചിയടക്കം മൂന്ന് പേര്‍ സ്‌കോര്‍ ചെയ്തതോടെ ഇറ്റലി യൂറോ ചാമ്പ്യന്‍മാരുടെ കിരീടമണിയുകയായിരുന്നു.
യൂറോ കപ്പില്‍ പരാജയപ്പെട്ടതോടെ ഫുട്‌ബോളിനെ പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു ഇംഗ്ലണ്ട് സാക്കക്കെതിരെ വംശീയ അധിക്ഷേപമഴിച്ചുവിട്ടത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനും ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.
എന്നാല്‍ അവിടം കൊണ്ട് തളരാതെ മുന്നോട്ട് കുതിച്ചാണ് ഇവര്‍ രണ്ട് പേരും ഇംഗ്ലണ്ടിന്റെ വേള്‍ഡ് കപ്പ് ഹീറോകളാകുന്നത്. ലോകകപ്പിലിതുവരെ 12 ഗോളാണ് ഇംഗ്ലണ്ട് നേടിയത്. അതില്‍ ആറ് ഗോളും ഇവര്‍ രണ്ട് പേരും ചേര്‍ന്നാണ് നേടിയത്.
എത്ര മനോഹരമായിട്ടാണ് കാലം മറുപടി നല്‍കുന്നതെന്ന കാല്‍പനിക വാക്യം ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുകയാണ്.
അതേസമയം, ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെയാണ് ഇംഗ്ലണ്ടിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടാനുള്ളത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നത്.
Content Highlight: Bukayo Saka and Marcus Rashford’s incredible performance in Qatar World Cup