അങ്കാറ: ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ പേരില്‍ 113 പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി തുര്‍ക്കി സര്‍ക്കാര്‍. നിര്‍മ്മാണത്തില്‍ വന്നിരിക്കുന്ന വീഴ്ചകളാണ് നിരവധി കെട്ടിടങ്ങളുടെ തകര്‍ച്ചക്ക് കാരണമായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കിയിലെ 10 പ്രവിശ്യകളില്‍ സംഭവിച്ച ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നടിഞ്ഞത്. 1,70,000 കെട്ടിടങ്ങള്‍ വിലയിരുത്തിയതില്‍ 24,921 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായോ, ഭാഗികമായോ തകര്‍ന്നിട്ടുണ്ടെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി മുറത് കുറും അറിയിച്ചു.
നിയമങ്ങള്‍ പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളാണ് തകര്‍ന്നതില്‍ അധികവുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിര്‍മാണത്തില്‍ അപാകതകള്‍ വരുത്തിയ 113 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്നും തുര്‍ക്കി ഉപ പ്രധാനമന്ത്രി ഫുആത് ഒക്ടേ അറിയിച്ചു.
നിലവില്‍ അദാനയില്‍ നിന്നുള്ള 62 പേരെയും ദിയാര്‍ബാകിറില്‍ നിന്നുള്ള 33 പേരെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായിട്ടുള്ള എനഡോളു റിപ്പോര്‍ട്ട് ചെയ്തു. ഇതിനോടകം എട്ട് പേരെ സാന്‍ലൂര്‍ഫയില്‍ നിന്നും നാല് പേരെ ഒസ്മാനിയെയില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്.
താന്‍ നിയമപരമായി മാത്രമേ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളൂവെന്നും കെട്ടിട നിര്‍മ്മാണത്തിന്റെ എല്ലാ ലൈസന്‍സും കൈയ്യിലുണ്ടെന്നും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ എനഡോളുവിനോട് പറഞ്ഞു.
എന്നാല്‍ ഗവണ്‍മെന്റിന്റെ പിടിപ്പുകേടാണ് കെട്ടിട തകര്‍ച്ചക്ക് കാരണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ കെട്ടിട നിര്‍മ്മാണത്തിനായി നിയമം കൊണ്ടുവന്നില്ലെന്നും, 1999ല്‍ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങളുണ്ടാക്കാന്‍ വേണ്ടി കൊണ്ടുവന്ന
പ്രത്യേക നികുതി ഇനങ്ങള്‍ ധൂര്‍ത്തടിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.