| Monday, 26th June 2023, 11:26 pm

'വന്ദേഭാരത് നിര്‍മിക്കുന്നു; വികസനം അപര്യാപ്തം'; ആരോപണവുമായി ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഷോക്കേറ്റ് മരിച്ച യുവതിയുടെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വന്ദേഭാരത് നിര്‍മിക്കുമ്പോഴും റെയില്‍വേയിലെ അടിസ്ഥാന വികസനങ്ങള്‍ അപര്യാപ്തമാണെന്ന് വിമര്‍ശിച്ച് ദല്‍ഹിയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഷോക്കേറ്റ് മരിച്ച യുവതിയുടെ പിതാവ്. അപകടം നടന്നിട്ടും 40 മിനിറ്റ് കഴിഞ്ഞതിന് ശേഷം മാത്രമാണ് തങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ വിടാന്‍ സാധിച്ചതെന്നും ആശുപത്രി എത്തുന്നതിന് മുമ്പ് തന്നെ അവള്‍ മരിച്ചെന്നും പിതാവായ ലോകേഷ് കുമാര്‍ ചോപ്ര എന്‍.ഡി.ടി.വിയോട് പറഞ്ഞു.

‘ആക്ഷന്‍ എടുക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ ഒരു ആക്ഷനും എടുക്കുന്നത് കണ്ടില്ല. നമ്മുടെ വ്യവസ്ഥകള്‍ക്ക് പുരോഗതിയുണ്ടായിട്ടില്ല. നമ്മള്‍ വന്ദേ ഭാരത് നിര്‍മിക്കുന്നു, എന്നാല്‍ റെയില്‍വേ അടിസ്ഥാന വികസനങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണ്. ഒരുപാട് തിരക്കുള്ള സ്റ്റേഷനായിട്ടും കാര്യമായ സൗകര്യങ്ങളൊന്നും തന്നെയില്ല,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചത്തീസ്ഗഢിലേക്ക് പോകാന്‍ വേണ്ടി ദല്‍ഹി സ്‌റ്റേനിലേക്കെത്തിയ സാക്ഷി അഹുജ എന്ന യുവതിക്ക് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഷോക്കേല്‍ക്കുന്നത്. എന്നാല്‍ ആംബുലന്‍സും ഡോക്ടര്‍മാരോ, പൊലീസോ ഇല്ലാത്തതിനാല്‍ സാക്ഷിക്ക് പ്രാഥമിക ശുശ്രൂഷ ലഭിച്ചിരുന്നില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ട്‌പോയെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു.

നേരത്തെയും റെയില്‍വേ സ്‌റ്റേഷനില്‍ സമാന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പ്രാദേശിക പ്രവര്‍ത്തകരെ ഉദ്ധരിച്ച് ചോപ്ര പറഞ്ഞു.

‘അവര്‍ പരാതി കൊടുത്തിരുന്നെന്നാണ് പറഞ്ഞത്. എന്നാല്‍ ഒരു നടപടിയും എടുത്തില്ല. നമ്മുടെ വ്യവസ്ഥകള്‍ എന്തുകൊണ്ടാണ് പുരോഗമിക്കാത്തത്? എന്തുകൊണ്ടാണ് മര്യാദക്കുള്ള പരിശോധനകളുണ്ടാകാത്തത്? എന്തുകൊണ്ടാണ് കമ്പികള്‍ ചുറ്റിലും കിടക്കുന്നത്? മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ മാത്രം ഇടപെടുന്നതെന്ത്‌കൊണ്ടാണ്?

നമുക്ക് പണമൊന്നും വേണ്ട. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയാണ് വേണ്ടത്. ഞങ്ങള്‍ നിയമപരമായി നേരിടും,’ ചോപ്ര പറഞ്ഞു.

സാക്ഷിയുടെ ഒമ്പത് വയസുള്ള സഹോദരനും ഏഴ് വയസുള്ള സഹോദരിയും ഇരുവരോടൊപ്പം സംഭവം നടക്കുന്ന സമയത്ത് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു.

‘ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. ബാഗെടുത്ത് കുട്ടികളെയും കൂട്ടി ട്രെയിനിന് സമീപത്തേക്ക് നടക്കാന്‍ ഞാന്‍ മകളോട് പറഞ്ഞു. എന്നാല്‍ അവിടെ കൃത്യമായ ക്രമീകരണങ്ങളൊന്നുമില്ലായിരുന്നു. നടക്കുന്നതിനിടയില്‍ അവള്‍ ഒരു ചെളിക്കുണ്ടില്‍ വീഴുകയും ഷോക്കടിക്കുകയും ചെയ്തു. അതില്‍ 440 വോള്‍ട്ടിന്റെ വയറുണ്ടായിരുന്നു.

‘അവിടെ നിന്നിറങ്ങാന്‍ ഞങ്ങള്‍ കുറഞ്ഞത് 30-40 മിനിറ്റെങ്കിലും ചെലവഴിച്ചിട്ടുണ്ട്. വഴിയില്‍ വെച്ച് എന്റെ മകള്‍ മരിച്ചെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ മറ്റ് മക്കളുള്ളതിനാല്‍ ഞാന്‍ ഒന്നും അറിയാത്ത പോലെ ഇരുന്നു,’ ചോപ്ര പറഞ്ഞു.

സംഭവം അന്വേഷിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചുണ്ടെന്ന് ഉത്തരമേഖല റെയില്‍വേ വക്താവ് ദീപക് കുമാര്‍ പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സാക്ഷിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരിയായ മാധവി ചോപ്ര അധികാരികളുടെ അശ്രദ്ധ ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

CONTENT HIGHLIGHTS: ‘Building Vande Bharat; development inadequate’; The father of the woman who died of shock at the Delhi railway station with allegations

We use cookies to give you the best possible experience. Learn more