തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ അനുമതികളിലെ കാലതാമസം ഒഴിവാക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേരള സര്‍ക്കാര്‍. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത പ്രശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടി.
പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ അപേക്ഷകളിലും അടുത്ത മാസം 10നകം തീര്‍പ്പുണ്ടാക്കണമെന്നാണ് പഞ്ചായത്ത് ഡയറക്ടര്‍മാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ടുകള്‍ 15നകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പരിശോധിക്കണം. എല്ലാ അപേക്ഷകളിലും 15 ദിവസത്തിനകം തീരുമാനമെടുക്കണം കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് പരിഹാരമുണ്ടാക്കണം.
അഞ്ച് കോര്‍പ്പറേഷനുകളില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി നേരിട്ടെത്തി അദാലത്ത് നടത്തും. കോര്‍പ്പറേഷനുകളില്‍ തദ്ദേശ ഭരണമന്ത്രി നേരിട്ട് പങ്കെടുക്കുന്ന ആദ്യ അദാലത്ത് ജൂലൈ 15ന് കൊച്ചിയിലാണ് നടക്കുക. ആഗസ്റ്റ് 2ന് കണ്ണൂരിലാണ് അവസാന അദാലത്ത്.
നഗരസഭ പരിധിയില്‍ ഓഡിറ്റോറിയത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ ടി. അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടികളുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ ആന്തൂര്‍ നഗരസഭ ഭരിക്കുന്നത് സി.പി.ഐ.എം ആണെന്നതിനാല്‍ സി.പി.ഐ.എമ്മിനെ വേട്ടയാടാമെന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.