ന്യൂദല്‍ഹി: നോയിഡയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് ഗ്രേറ്റര്‍ നോയിഡയിലെ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഡോഗ് സ്‌ക്വാഡും രംഗത്തുണ്ട്.
അഞ്ച് നില കെട്ടിടമാണ് തകര്‍ന്ന് വീണതെന്നും എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കൃത്യമായി അറിയില്ലെന്നും ദല്‍ഹി പൊലീസ് പറയുന്നു. ” അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ ഉണ്ടെന്ന് അറിയാനായിട്ടില്ല.”- ഫയര്‍ ഫോഴ്‌സ് സേനാംഗം അരുണ്‍ കുമാര്‍ സിംഗ് പറയുന്നു.
കെട്ടിടം പണിതിട്ട് അധികം കാലമായിട്ടില്ല. കെട്ടിടത്തിനുള്ളില്‍ അധികം കുടുംബങ്ങള്‍ താമസിക്കുന്നില്ലെന്നും കെട്ടിട നിര്‍മ്മാണത്തൊഴിലാളികളാണ് ഇവിടെയുള്ളതെന്നും പ്രദേശവാസികള്‍ പറയുന്നതായി ഐ.ജി രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.