ന്യൂദല്‍ഹി: അയോധ്യയില്‍ എത്രയും പെട്ടെന്ന് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഘായോരുല്‍ ഹസന്‍ റിസ്‌വി. രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മാത്രമെ രാജ്യത്തെ മുസ്‌ലിങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാന്‍ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം നവംബര്‍ 14 ന് ചേരുന്ന കമ്മീഷന്‍ യോഗത്തില്‍ തീരുമാനിക്കും. ദേശീയ ന്യൂനപക്ഷ ക്ഷേമ സമിതിയും മറ്റ് സംഘടനകളും രാജ്യത്ത് മുസ്‌ലിങ്ങള്‍ പേടിയോടെയാണ് ജീവിക്കുന്നതെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും റിസ്‌വി പറഞ്ഞു.
അയോധ്യയില്‍ പള്ളി നിര്‍മ്മിക്കുന്നതും നമസ്‌കാരം ആരംഭിക്കുന്നതുമൊന്നും പരിഗണനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” അയോധ്യയില്‍ പള്ളി നിര്‍മ്മിക്കേണ്ടതും നമസ്‌കാരം ആരംഭിക്കേണ്ടതുമായ സാഹചര്യം ഉണ്ടെന്ന് കരുതുന്നില്ല. ആ പ്രദേശത്തിന് 100 കോടി ഹിന്ദുക്കളുടെ വികാരമുണ്ട്.” റിസ്‌വി പറഞ്ഞു.
അതുകൊണ്ട് ഹിന്ദുക്കളെ രാമക്ഷേത്രം നിര്‍മ്മിക്കാനനുവദിക്കണമെന്നും എന്നാല്‍ മാത്രമെ മുസ്‌ലിങ്ങള്‍ക്ക് സമാധാനത്തോടെയും പേടിയില്ലാതെയും ജീവിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ അയോധ്യകേസില്‍ ഉടന്‍ വിധി പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തിയിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.
“അയോധ്യയില്‍ രാമക്ഷേത്രം വേണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ജനവികാരത്തെ മാനിക്കുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി എന്തും ഇക്കാര്യത്തില്‍ ചെയ്യും”- യോഗി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാമക്ഷേത്രനിര്‍മ്മാണവുമായി വീണ്ടും ബി.ജെ.പി രംഗത്തെത്തിയത്. അയോധ്യയില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആര്‍.എസ്.എസും രംഗത്തെത്തിയിരുന്നു.
WATCH THIS VIDEO: