ബാബര്‍ തീവ്രവാദി: അബ്ദുള്‍ കലാമിന്റെ പേരില്‍ പള്ളി പണിയൂ; അയോധ്യയിലെ സന്യാസി
national news
ബാബര്‍ തീവ്രവാദി: അബ്ദുള്‍ കലാമിന്റെ പേരില്‍ പള്ളി പണിയൂ; അയോധ്യയിലെ സന്യാസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th March 2019, 2:12 pm

ന്യൂദല്‍ഹി: അയോധ്യയില്‍ ഒരു പള്ളി നിര്‍മിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്നും എന്നാല്‍ ആ പള്ളി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ ആയിരിക്കണമെന്നും അയോധ്യയിലെ സന്യാസി.

അങ്ങനെയാണെങ്കില്‍ അതിനായി സ്ഥലം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മുകള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ സ്വന്തം പേരിലായിരുന്നു പള്ളി നിര്‍മിച്ചിരുന്നത്. തീവ്രവാദിയും അന്യദേശക്കാരനുമായ ബാബറിന്റെ പേരില്‍ പള്ളി പണിയാന്‍ സ്ഥലം വിട്ടുനല്‍കില്ലെന്നും ഇന്ത്യാ ടുഡേയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കലാമിന്റെ പേരില്‍ ഡോ. എ.പി.ജെ അബ്ദുള്‍കലാം മസ്ജിദ് എന്ന് പേരില്‍ ഒരു പള്ളി വന്നാല്‍ അതിനെ സ്വാഗതം ചെയ്യും. അതിന് ഞങ്ങള്‍ സ്ഥലം തരാം. ബാബറിന്റെ പേരില്‍ പള്ളി വരുന്നതിനോട് യോജിപ്പില്ല- അദ്ദേഹം പറഞ്ഞു. അയോധ്യ കേസ് മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ട സുപ്രീം കോടതി തീരുമാനത്തേയും അദ്ദേഹം സ്വാഗതം ചെയ്തു.

മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ചതിന് ശേഷമായിരുന്നു കോടതിയുടെ ഉത്തരവ്. ഫൈസാബാദില്‍ വെച്ചായിരിക്കും മധ്യസ്ഥ ചര്‍ച്ച നടക്കുക. മധ്യസ്ഥ ചര്‍ച്ച അതീവ രഹസ്യമായിരിക്കുമെന്നും, ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി പറഞ്ഞു.

റിട്ടയേര്‍ഡ് ജഡ്ജ് എഫ്.എം ഖലീഫുള്ളയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക. അദ്ദേഹത്തെക്കൂടാതെ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരും മധ്യസ്ഥ സംഘത്തിലുണ്ടായിരിക്കും.


കുമ്മനത്തിന്റെ വരവോടെ ബി.ജെ.പിയില്‍ ഐക്യം ശക്തിപ്പെടുമോ? ;ചോദ്യം അവജ്ഞയോടെ തള്ളുന്നെന്ന് ശ്രീധരന്‍ പിള്ള


അയോധ്യ ഭൂമി തര്‍ക്കത്തിന്റെ “ശാശ്വതമായ പരിഹാരത്തിനായി” സാധ്യത തേടിയാണ് സുപ്രീം കോടതി വിഷയം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം മധ്യസ്ഥതയ്ക്ക് വിട്ടത്. രാം ജന്മഭൂമി- ബാബരി മസ്ജിദ് തര്‍ക്കത്തിന്റെ ഗൗരവത്തെക്കുറിച്ചും, മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമഫലം രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും എന്നതിനെ പറ്റിയും തങ്ങള്‍ ബോധവാന്മാരാണെന്ന് ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു.

എന്നാല്‍ മധ്യസ്ഥതയെ ഹിന്ദു മഹാസഭയെ പ്രതിനിധീകരിച്ച ഹരജിക്കാരന്‍ എതിര്‍ത്തിരുന്നു. “ഇത് മതപരവും വൈകാരികവുമായ വിഷയമാണ്, സ്ഥല തര്‍ക്കം മാത്രമല്ല” എന്ന് ഹിന്ദു മഹാസഭയുടെ അഭിപ്രായം.