വീരപ്പന്റെ ധീരതയ്ക്കുള്ള അംഗീകാരമായിരിക്കും ഈ സ്മാരകമെന്ന് അദ്ദേഹത്തിന്റെ പത്താം ചരമവാര്‍ഷികത്തില്‍ മുത്തുലക്ഷ്മി പറഞ്ഞു. ” എന്റെ ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായ് ഒരു സ്മാരക മന്ദിരം നിര്‍മിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ചില കേസുകളുമായി ബന്ധപ്പെട്ട് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കാരണം എനിക്കത് നിര്‍മിക്കാന്‍ സാധിച്ചില്ല. എന്റെ ആഗ്രഹം എത്രയും പെട്ടെന്ന് ഞാന്‍ പൂര്‍ത്തിയാക്കും” മുത്തുലക്ഷ്മി പറഞ്ഞു.
വീരപ്പന്റെ ധീരത മനസിലാക്കാന്‍ ഇത് ജനങ്ങളെ സഹായിക്കുമെന്നും ഇവിടെ നിന്ന് വീരപ്പനെ ബഹുമാനിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാമെന്നും അവര്‍ പറഞ്ഞു.
“വീരപ്പന്റെ കല്ലറ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടിവരികയാണ്. സന്ദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ സന്ദര്‍ശകരെ പിന്തിരിപ്പിക്കുകയാണ്.” അവര്‍ വ്യക്തമാക്കി.
വീരപ്പന്റെ പത്താം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന് അനുസ്മരണം നടത്താനെത്തിയവര്‍ക്ക് സേലം ജില്ലാ പോലീസ് അനുമതി നിഷേധിച്ചതായും അവര്‍ ആരോപിച്ചു.
300 ല്‍ അധികം ആള്‍ക്കാരാണ് ചന്ദന കള്ളക്കടത്ത് കാരനും ആനക്കൊമ്പ് മോഷ്ടാവും ആയ വീരപ്പന്റെ ശവക്കല്ലറ ശനിയാഴ്ച സന്ദര്‍ശിച്ചത്. പോലീസുകാരുള്‍പ്പെടെ ധാരാളം ആള്‍ക്കാരെ വീരപ്പന്‍ വധിക്കുകയും ചെയ്തിട്ടുണ്ട്. നാം തമിഴര്‍ കറ്റ്ച്ചി, തമിഴ്‌നാടു വാല്‍വുറിമൈ കറ്റ്ച്ചി ഉള്‍പ്പെടെയുള്ളവരാണ് സന്ദര്‍ശനം നടത്തിയത്.
സന്ദര്‍ശകരുടെ ഫോട്ടോസും വീഡിയോസും പോലീസ് അധികൃതര്‍ എടുക്കുന്നുണ്ട്. 184 ഓളം പേരെ വീരപ്പന്‍ കൊലപ്പെടുത്തിയിട്ടുണ്ട്. അതില്‍ പകുതിയോളം പേരും പോലീസ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആണ്.