| Wednesday, 6th March 2019, 9:53 pm

ആഡംബരത്തില്‍ ഇനി മറ്റൊരു പേരില്ല; 131 കോടിയുടെ കാര്‍ പുറത്തിറക്കി ബുഗാട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ പുറത്തിറക്കി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ ബുഗാട്ടി. ജനീവ മോട്ടോര്‍ ഷോയിലാണ് ബുഗാട്ടിയുടെ ആഡംബര വാഹനമായ ലാ വോയത്രെ നൊവലിന്റെ അവതാരപ്പിറവി.

110 വര്‍ഷം പിന്നിടുന്ന ഐതിഹാസിക വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ലാ വോയത്രെ നൊവ ഹൈപ്പര്‍ കാറിനെ ബുഗാട്ടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. എന്നാല്‍ ഈ സൂപ്പര്‍കാര്‍ ജനീവയില്‍ പ്രദര്‍ശനത്തിനെത്തും മുമ്പ് തന്നെ, ടാക്‌സ് അടക്കം 16.5 ദശലക്ഷം യൂറോയ്ക്ക് (എകദേശം 131 കോടി) വിറ്റു എന്നാണ് ബുഗാട്ടി പ്രസിഡന്റ് സ്റ്റീഫന്‍ വിങ്മാന്‍ പറഞ്ഞത്.

ആഡംബര കാറിന്റെ യാത്രാ സുഖവും സ്പോര്‍ട്സ് കാറിന്റെ കരുത്തുമുള്ള വാഹനമാണ് ലാ വോയത്രെ നൊവ. ജീന്‍ ബുഗാട്ടി ഡിസൈന്‍ ചെയ്ത ടൈപ്പ് 57 SC അറ്റ്ലാന്റിക് എന്ന കാറാണ് ലാ വോയത്രെ നൊവയുടെ പ്രചോദനം.

കറുത്ത കാറെന്നാണ് മോഡലിന്റെ ഫ്രഞ്ച് നാമത്തിന് പിന്നിലെ പൊരുള്‍. 1936 മുതല്‍ 1938 വരെയുള്ള കാലയളവില്‍ ടൈപ്പ് 57 SC അറ്റ്ലാന്റിക് വെറും നാലു കാറുകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളൂ. ഇതില്‍ മൂന്നെണ്ണം ഇന്നും ജീവിക്കുന്നു.

മോഡലിന്റെ ഒരു യൂണിറ്റ് മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ. ഹൈപ്പര്‍ കാര്‍ ഷിറോണാണ് ആധാരമെങ്കിലും സുഖകരമായ യാത്രയ്ക്കാണ് ലാ വോയത്രെ നൊവ പതിപ്പ് പ്രധാന്യം കല്‍പ്പിക്കുന്നത്. ഇതിനായി ഷാസി പരിഷ്‌കരിക്കപ്പെട്ടു.

ഷിറോണിലെ 8.0 ലിറ്റര്‍ W16 ക്വാഡ് ടര്‍ബോ എഞ്ചിനാണ് ബുഗാട്ടി ലാ വോയത്രെ നൊവയിലും. എഞ്ചിന് 1,479 bhp കരുത്തും 1,600 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്സ് മുഖേന എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തും.

ഗാലിബര്‍ കോണ്‍സെപ്റ്റിനെ ഓര്‍മ്മപ്പെടുത്തുന്ന ആറു പുകക്കുഴലുകള്‍ മോഡലിന് പിറകില്‍ ഒരുങ്ങുന്നുണ്ട്. യന്ത്രങ്ങള്‍ ഉപയോഗിക്കാതെ കൈകൊണ്ടു കടഞ്ഞെടുത്ത കാര്‍ബണ്‍ ഫൈബര്‍ ബോഡിയാണ് കാറില്‍ കമ്പനി ഉപയോഗിക്കുന്നത്.

ബോണറ്റിന് കുറുകെയുള്ള പ്രത്യേക ഡിസൈന്‍ വര പിറകില്‍ സ്പോയിലര്‍ വരെ നീളും. ഉയര്‍ത്തിയ വിന്‍ഡ്സ്‌ക്രീനും മൂടിവെച്ച എഞ്ചിന്‍ ബേയും മോഡലിന്റെ ഡിസൈന്‍ സവിശേഷതകളാണ്.

We use cookies to give you the best possible experience. Learn more