ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയെക്കുറിച്ചും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഇറ്റലിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍. ഫുട്‌ബോളില്‍ ഇരു താരങ്ങളും വ്യത്യസ്തമായ താരങ്ങളാണെന്നാണ് ബഫണ്‍ പറഞ്ഞത്.
‘മെസി ഫുട്‌ബോളിലെ സമ്പൂര്‍ണനായ ഒരു താരമാണ്. കളിക്കളത്തിലെ അവന്റെ ടെക്‌നിക്കുകള്‍ വളരെ മികച്ചതാണ്. അവന്‍ ഒരു മികച്ച ഫിനിഷര്‍ കൂടിയാണ്. എന്നാല്‍ റൊണാള്‍ഡോക്ക് ഒരുപക്ഷേ അല്പം പ്രായമായതു കൊണ്ടാകാം പെനാല്‍ട്ടി എടുക്കുമ്പോള്‍ കുറച്ചു പ്രശ്‌നങ്ങള്‍ കാണാം.
അദ്ദേഹം ബോക്‌സിനുള്ളില്‍ നിന്നും തന്ത്രപരമായി ഷോട്ട് എടുക്കാന്‍ ശ്രമിക്കില്ല. എന്നാല്‍ ബോക്‌സിലേക്ക് പന്ത് എത്തിച്ചാല്‍ റൊണാള്‍ഡോ അത് കൃത്യമായി ഗോളാക്കി മാറ്റും,’ ബഫണ്‍ പറഞ്ഞു.
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും പന്തുതട്ടി.
നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 905 മത്സരങ്ങളില്‍ നിന്നും 737 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.
മറുഭാഗത്ത് റൊണാള്‍ഡോ നിലവില്‍ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ റൊണാള്‍ഡോ സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്.
യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.
Content Highlight: Buffon talks about the main difference between Lionel Messi and Cristaino Ronaldo in football