പാരിസ്: യുവന്റസിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ലുജി ബുഫണ്‍ ഇനി കളിക്കുക ഫ്രഞ്ച് വമ്പന്‍ മാരായ പാരീസ് സെയിന്റ് ജര്‍മ്മനില്‍. എക്കാലത്തേയും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായിട്ടാണ് ബുഫണ്‍ വിലയിരുത്തപ്പെടുന്നത്.
ഇത് സംബന്ധിച്ച ഔദ്യോഗികവിവരം പാരീസ് സെയ്ന്റ് ജര്‍മ്മന്‍ ട്വീറ്റ് ചെയ്തു. ക്ലബിന്റെ ജേഴ്‌സിയില്‍ ബുഫണ്‍ നില്‍ ക്കുന്ന വീഡിയോയാണ് ക്ലബ് പുറത്ത് വിട്ടിരിക്കുന്നത്.
ആദ്യമായാണ് ഞാന്‍ എന്റെ രാജ്യം വിടുന്നതെന്നും, എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എന്റെ ക്ലബിനോടും പ്രസിഡന്റിനോടും ഞാന്‍ നന്ദി പറയുന്നുവെന്നും ബുഫണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്റെ എല്ലാ അനുഭവങ്ങളും ആരോഗ്യവും എന്റെ പുതിയ ക്ലബിനായി വിനിയോഗിക്കുമെന്നും ബുഫണ്‍ കൂട്ടിച്ചേര്‍ത്തു. ബുഫണിനെ ക്ലബിലെത്തിക്കുന്നത് തങ്ങള്‍ക്ക് അഭിമാന നിമിഷമാണെന്ന് പി.എസ്.ജി ഉടമ നാസര്‍ അല്‍-ഖലാഫിയും പ്രതികരിച്ചു.
Taillé pour Paris ! pic.twitter.com/yBYMkX02rD
— Paris Saint-Germain (@PSG_inside) July 6, 2018
താരത്തിന് ഇപ്പോള്‍ 40 വയസ്സാണ്, ഇറ്റലി ലോകകപ്പ് യോഗ്യത നേടാത്തതിനെ തുടര്‍ന്ന ബുഫണ്‍ അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിച്ചിരുന്നു.
നെയ്മര്‍, എഡിസണ്‍ കവാനി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ കളിക്കുന്ന ക്ലബാണ് പി.എസ്.ജി. അവരോടൊന്നിച്ചായിരിക്കും ഇനി ബുഫണ്‍ കളിക്കുക. അരിയോള ആണ് നിലവില്‍ പി.എസ്.ജിയുടെ ഗോള്‍കീപ്പര്‍.