ബഫര്‍ സോണില്‍ സര്‍ക്കാരിന്റെ തിരുത്ത്: ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കും
Kerala News
ബഫര്‍ സോണില്‍ സര്‍ക്കാരിന്റെ തിരുത്ത്: ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th July 2022, 1:59 pm

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ 2019ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവാദ ഉത്തരവില്‍ തിരുത്ത്. സംസ്ഥാനത്ത് ബഫര്‍ സോണില്‍ നിന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാണ് മന്ത്രിസഭാ തീരുമാനം.

വന്യജീവി സങ്കേതങ്ങളുടേയും ദേശീയോദ്യാനങ്ങളുടേയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയെയാണ് ബഫര്‍ സോണായി പ്രഖ്യാപിച്ചിരുന്നത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വനത്തോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കി മാറ്റിക്കൊണ്ടുള്ള ഉത്തരവ് 2019ലാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്. ഈ ഉത്തരവ് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

2019ല്‍ പുറത്തിറക്കിയ ഈ ഉത്തരവില്‍ ജനവാസമേഖലകള്‍ക്ക് ഇളവില്ല എന്ന കാര്യവും ഉള്‍പ്പെട്ടിരുന്നു. ഇതാണ് ഏറെ ചര്‍ച്ചാവിഷയമായത്.

ഇപ്പോള്‍ നടക്കുന്ന പതിസന്ധികള്‍ക്ക് കാരണം ജനവാസമേഖലകളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയ ഈ ഉത്തരവാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം അടക്കമുള്ളവര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

വനമേഖലകള്‍ക്ക് സമീപത്ത് താമസിക്കുന്ന ജനങ്ങളും പലതരത്തിലുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങളും സംസ്ഥാനത്ത് അരങ്ങേറിയിരുന്നു.

ഇത്തരം പ്രതിഷേധങ്ങള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് ഈ വിവാദ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭയില്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

 

Content Highlight: Buffer zone: Cabinet amends 2019 order